വയനാട്ടിലെ ഗ്രാമവികസന ബാങ്കില്‍ വന്‍ അഴിമതി

മാനന്തവാടി: | WEBDUNIA|
PRO
PRO
വയനാട്ടിലെ പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ വന്‍ അഴിമതി നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്. സഹകരണവകുപ്പ് നടത്തിയ പരിശോധനയിലാണ് ബാങ്കില്‍ നടന്ന ക്രമക്കേടുകള്‍ കണ്ടെത്തിയത്.

ഭരണസമിതിയുടെ ഒത്താശയോടെ ഉദ്യോഗസ്ഥര്‍ നടത്തിയ തട്ടിപ്പും ക്രമക്കേടുകളും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്. ബിനാമി പേരില്‍ ബാങ്കിലെ 14 ജീവനക്കാര്‍ കാര്‍ഷിക വായ്പ എടുത്ത് കടാശ്വാസത്തിന്റെ ആനുകൂല്യം നേടിയതിലൂടെ കുപ്രസിദ്ധി നേടിയ ബാങ്കില്‍ തുടര്‍ച്ചയായി നടന്ന അഴിമതിയെ കുറിച്ചാണ് റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗവും. ഭരണസമിതിക്കെതിരെയുള്ള പരാതികളും വഴിവിട്ട നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളുമെല്ലാം 40 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ബാങ്കിലെ ക്രമക്കോട് സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സഹകരണ വകുപ്പ് രജിസ്ട്രാര്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കാനും സഹകരണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സഹകരണ നിയമം ലംഘിച്ചുകൊണ്ടാണ് ബാങ്കില്‍ ജീവനക്കാരെ നിയമിച്ചതും ഉദ്യോഗക്കയറ്റം നല്‍കിയതും. പാര്‍ട്ട്‌ടൈം സ്വീപ്പര്‍മാര്‍ വരെ പ്യൂണ്‍മാരായി. സഹകരണ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചും ഓഡിറ്റ് ഒബ്ജക്ഷന്‍ ലംഘിച്ചുമാണ് ബാങ്കിന്റെ പ്രവര്‍ത്തനം. അധികാര ദുര്‍വിനിയോഗത്തിലൂടെ ഫണ്ട് ദുരുപയോഗവും നടത്തി. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ക്കും പോഷകസംഘടനകള്‍ക്കും പാര്‍ട്ടി പത്രത്തിനും ഉള്‍പ്പെടെ സംഭാവന നല്‍കാന്‍ ബാങ്ക് ഫണ്ട് ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവിലുള്ള ഭരണസമിതിയെ അടിയന്തരമായി നീക്കം ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. കേന്ദ്ര കടാശ്വാസ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്ന് സിഎജി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് വയനാട്ടിലെ ബാങ്കുകള്‍ നടത്തുന്ന അഴിമതികളും പുറത്തുവരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :