ലോഫ്‌ളോര്‍ ബസുകള്‍ അടുത്തമാസം

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാനത്ത് അടുത്തമാസം മുതല്‍ ലോഫ്‌ളോര്‍ ബസുകള്‍ എത്തിത്തുടങ്ങും. ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് കൊച്ചിയില്‍ തദ്ദേശഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയും, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തി. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ലോ ഫ്‌ളോര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുക.

ലോഫ്‌ളോര്‍ ബസുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കെ എസ് ആര്‍ ടി സിയും, കോര്‍പ്പറേഷനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. എന്നാല്‍, ബസുകള്‍ തല്ക്കാലം കെ എസ് ആര്‍ ടി സിയില്‍ രജിസ്‌റ്റര്‍ ചെയ്യാമെന്നും പിന്നീട് നവംബര്‍ ഒന്നിന് ചേരുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നുമുള്ള ധാരണയിലെത്തി. ഇതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ മുതല്‍ ബസുകള്‍ നിരത്തിലിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നവംബര്‍ ഒന്നിന് ചേരുന്ന യോഗത്തില്‍ പുതുതായി വരുന്ന ബസുകള്‍ ഏതൊക്കെ റൂട്ടുകളിലൂടെ ഓടണം എന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകും. സംസ്ഥാനത്തിന് ആകെ 150 ബസുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 15 ബസുകള്‍ മാത്രമേ ആദ്യഘട്ടത്തില്‍ നിരത്തിലിറങ്ങുകയുള്ളൂ. ഏഴ് ബസുകള്‍ തിരുവനന്തപുരത്തും, എട്ട് ബസുകള്‍ കൊച്ചിയിലുമാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :