ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് പായസം കൊണ്ടുപോകുന്നു എന്ന വ്യാജേന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ക്ഷേത്ര സ്വത്തുക്കള്‍ കടത്തുന്നു എന്ന വി എസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍. ഉത്രാടം തിരുനാള്‍ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്ന സമയത്ത് വഴിപാടുകള്‍ നിവേദിക്കപ്പെടില്ല എന്നാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹരികുമാര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഉത്രാടം തിരുനാള്‍ ദിവസവും രാവിലെ 7.30 ന് ക്ഷേത്രത്തില്‍ എത്തി 7:50 ന് തിരിച്ചു പോകും. പായസം ഉള്‍പ്പെടെ വഴിപാടുകള്‍ നിവേദിക്കാനായി അകത്തേക്ക് എടുക്കുന്നത് 8:15 ന് ആണ്. എട്ടരയ്ക്ക് മുമ്പായി നിവേദിച്ച് പുറത്ത് കൊണ്ടുവരും. വഴിപാട് നിവേദിക്കാതെ ആര്‍ക്കും വിതരണം ചെയ്യുകയുമില്ല. അങ്ങനെയിരിക്കെ, ഉത്രാടം തിരുന്നാള്‍ പായസമെന്ന മട്ടില്‍ ക്ഷേത്രസ്വത്തുക്കള്‍ കടത്തുന്നത് എങ്ങനെയെന്നാണ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചോദ്യം.
ക്ഷേത്ര ജീവനക്കാര്‍ അറിയാതെ ആര്‍ക്കും നിലവറകളില്‍ പ്രവേശിക്കാന്‍ കഴിയില്ല. ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ പകുതിപ്പേരും വി എസിന്റെ പാര്‍ട്ടിയില്‍ പെട്ടവരാണെന്നും ഹരികുമാര്‍ പറയുന്നു. അഞ്ചോളം യൂണിയനുകളില്‍ പെട്ട ജീവനക്കാരാണ് ക്ഷേത്രത്തിലുള്ളത്. ആര്‍ക്കും ഇത്രയും കാലം ഉണ്ടാകാത്ത പരാതിയാണ് വി എസ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത് എന്നും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ പറയുന്നു.
രാജകുടുംബത്തില്‍ നിന്ന് വഴിപാട് നടത്തിയാല്‍ അത് നിവേദിച്ച ശേഷം എത്തിച്ചു കൊടുക്കുകയാണ് പതിവ്. അംഗങ്ങള്‍ ആരും വഴിപാട് കൂടെക്കൊണ്ടുപോകാറില്ല. മുമ്പ് ഉത്തരവാദിത്തമില്ലാതെ പെരുമാറിയ ചിലരെ ക്ഷേത്രത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. അവരാകാം വി എസിന് തെറ്റായ വിവരം നല്‍കിയിരിക്കുന്നത് എന്ന് കരുതുന്നതായും എക്സിക്യൂട്ടീവ് ഓഫീസര്‍ പറയുന്നു.