മോഷണം നടത്തി ആഡംബരജീവിതം: കുപ്രസിദ്ധരായ നാല് മോഷ്ടാക്കള്‍ അറസ്റ്റില്‍

കൊച്ചി| Last Modified വ്യാഴം, 15 മെയ് 2014 (15:07 IST)
ദമ്പതികള്‍ ഉള്‍പ്പെടെ കുപ്രസിദ്ധരായ നാലു മോഷ്ടാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ കരുവാറ്റ തെക്കേക്കാട്ടില്‍ ബിജു (ചുണ്ടന്‍ ബിജു, നേപ്പാളി ബിജു- 31), കൊട്ടാരക്കര പുല്ലാമല യേശുദാസ് ഭവനത്തില്‍ യേശുദാസ് (കൊച്ചുദാസന്‍ 37), വൈപ്പിന്‍ തെക്കന്‍ മാലിപ്പുറം ചെള്ളപ്പുറത്ത് മുരുകന്‍ (37), ഭാര്യ മയില്‍ (34) എന്നിവരാണ് അറസ്റ്റിലായത്. വന്‍കിട മോഷണങ്ങള്‍ നടത്തിയ ശേഷം ആര്‍ഭാടമായ ജീവിതം നയിക്കുന്ന ഇവരുടെ പ്രവര്‍ത്തന രീതി തികച്ചും വ്യത്യാസമാണെന്ന് പൊലീസ് അറിയിച്ചു.

ദമ്പതിമാര്‍ രണ്ടു പേരും ബിജുവിന്‍റെയും യേശുദാസന്‍റെയും മോഷണ വസ്തുക്കള്‍ വിറ്റഴിക്കാനും പലപ്പോഴും കൂട്ടുനിന്നിരുന്നു. മിക്ക ആഴ്ചകളിലും ഒരു ദിവസം എറണാകുളം നഗരത്തിലെത്തി ഒരു വന്‍ മോഷണം നടത്തും. അടുത്ത ദിവസം തന്നെ ഇവര്‍ തമിഴ്നാട്ടിലെ ഈറോഡിലേക്ക് പോയി മോഷണ മുതല്‍ വിറ്റഴിക്കും. പിന്നീട് എല്ലാവരും ചേര്‍ന്ന് ഗോവ, മുംബൈ എന്നിവിടങ്ങളിലേക്ക് പോയി അടിച്ചുപൊളിച്ച് പണം ചെലവാക്കും, ഇതായിരുന്നു ഇവരുടെ സ്ഥിരം ശൈലി.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊച്ചി ചങ്ങമ്പുഴ നഗറില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ബിജുവിനെയും യേശുദാസിനെയും കളമശേരി സിഐ സാജന്‍ സേവ്യര്‍, എസ്‌ഐ എസ്. വിജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് മുരുകനും മയിലും കൊച്ചിയിലുണ്ടെന്നും മനസിലായി. ഇവരെയും പൊലീസ് ഉടന്‍ തന്നെ പൊക്കുകയായിരുന്നു.

ഇവരെ അറസ്റ്റ് ചെയ്തതോടെ പതിനഞ്ചിലേറെ വമ്പന്‍ മോഷണങ്ങള്‍ക്ക് തുമ്പുണ്ടായതായി പൊലീസ് വെളിപ്പെടുത്തി. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :