മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്: വധശ്രമമെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ അറസ്റ്റ് ഉടന്‍

കണ്ണൂര്‍| WEBDUNIA|
PRO
കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ അക്രമമുണ്ടായതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 18 പേരെ റിമാന്‍ഡ് ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം സ്ഥലത്തുണ്ടായിരുന്ന പ്രതിഷേധക്കാര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന ജില്ലാ നേതാക്കള്‍ അടക്കമുള്ളവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സ്‌റ്റേഷന്‍ റോഡില്‍ ഉപരോധത്തില്‍ ഏര്‍പ്പെട്ട നൂറു കണക്കിന് പ്രവര്‍ത്തകര്‍ക്കായാണ് കണ്ണൂര്‍ ടൗണ്‍ സിഐയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. ഇതുവഴി കടന്നുപോകുമ്പോഴായിരുന്നു മുഖ്യമന്ത്രിക്ക് കല്ലേറുകൊണ്ടത്.

ധര്‍മടം എംഎല്‍എ കെ കെ നാരായണന്‍, പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസെടുത്തിട്ടുള്ളത്. മൊത്തം 26 പ്രതികള്‍ എഫ്.ഐ.ആറിലുണ്ട്. 15 പേരെ അറസ്റ്റ് ചെയ്തു.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബിനോയ് കുര്യന്‍, ജില്ലാ പ്രസിഡന്റ് ബിജു, ജില്ലാ വൈസ് പ്രസിഡന്റ് ശബരീഷ്, സിപിഐ(എം) ജില്ലാകമ്മിറ്റി അംഗം നാരായണന്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ക്കെതിരെയെല്ലാം കൊലപാതകശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.

മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പി ജയരാജന്‍, എം വി ജയരാജന്‍, പി കെ ശ്രീമതി, കെ കെ രാഗേഷ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 1000 പേര്‍ക്കെതിരെ പോലീസ് രജിസ്ടര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നുണ്ട്.

അക്രമത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധം അനുവദിക്കില്ലെന്ന് കോട്ടയത്ത് യുഡിഎഫ്. സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :