മറുനാട്ടില്‍ നിന്നെത്തി സംസ്ഥാനത്ത് തൊഴിലെടുക്കുന്ന തൊഴിലാളികളെ സി ഐ ടി യുവില്‍ അംഗങ്ങളാക്കുന്നതിന് നീക്കം. കണ്ണൂരില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എളമരം കരീം സൂചന നല്കി.
സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയില്‍ പശ്ചിമ ബംഗാള്‍, ഒറീസ, രാജസ്ഥാന്, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണ്ണാടക, ആസാം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. മലബാര്‍ പ്രദേശത്ത് മാത്രം ചുരുങ്ങിയത് രണ്ടരലക്ഷം മറുനാടന്‍ തൊഴിലാളികളുണ്ട്. രാജ്യവ്യാപകമായി വേരുകളുള്ള സിഐടിയുവിന്റെ കടമയാണ് ഇവരെ സംഘടിപ്പിക്കേണ്ടതെന്നും കരീം പറഞ്ഞു. തുടക്കത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാവും ആദ്യ ഘട്ടത്തില്‍ കണക്കെടുക്കുക. തുടര്‍ന്ന് നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ഇത് തുടരും.
സിഐടിയുവില്‍ അഫിലിയേഷനുള്ള പ്രത്യേക സംഘടനയായിട്ടാവും മറുനാടന്‍ തൊഴിലാളികളുടെ സംഘടന രൂപീകരിക്കുക. നേതാക്കളും ഇവരില്‍ നിന്നായിരിക്കും തെരഞ്ഞെടുക്കപ്പെടുക. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനം ക്രോഡീകരിക്കുന്നതിനായി ജില്ലാ കമ്മിറ്റിയിലെ മറുനാടന്‍ ഭാഷയറിയാവുന്ന ഒരു നേതാവിനെ ചുമതലപ്പെടുത്തുമെന്നും കരീം കൂട്ടിച്ചേര്‍ത്തു.