ബിറ്റി മൊഹന്തി ഒരു ചെറിയ പുള്ളിയല്ല!

WEBDUNIA|
PRO
PRO
ജര്‍മന്‍ വനിതയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം പരോളില്‍ ഇറങ്ങി മുങ്ങിയ ബിറ്റി മൊഹന്തി(ബിറ്റിഹോത്ര മൊഹന്തി) ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ കേരളത്തില്‍ വച്ച് പിടിയിലായിരിക്കുന്നത്. രാജസ്ഥാനിലെ ജയിലില്‍ നിന്നിറങ്ങി മുങ്ങിയ ബിറ്റിയെ കണ്ണൂര്‍ പഴയങ്ങാടിയില്‍ വച്ചാണ് പൊലീസ് കുടുക്കിയത്. ആന്ധ്രയില്‍ നിന്നുള്ള രാഘവ് എന്ന വ്യാജപേരില്‍ ഇയാള്‍ ഇവിടെ എസ്‌ബിടിയില്‍ പ്രൊബേഷനറി ഓഫിസറായി ജോലി ചെയ്തുവരികയായിരുന്നു.

ഒറീസയിലെ ഹോം‌ഗാര്‍ഡ് ഡിജിപി ആയിരുന്ന ബിദ്യ ഭൂഷന്‍ മൊഹന്തി(ബിബി മൊഹന്തി)യുടെ മകനാണ് ബിറ്റി. 2006 മാര്‍ച്ച് 21ന് രാജസ്ഥാന്‍ അല്‍‌വാറിലെ ഹോട്ടല്‍ മുറിയിൽ വച്ച് 21കാരിയായ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് ബിറ്റിയ്ക്കെതിരെയുള്ള കേസ്. ഏറെ കോളിളക്കം സൃഷ്‌ടിച്ച കേസില്‍ ഇതേവര്‍ഷം ഏപ്രില്‍ 12ന് അതിവേഗകോടതി വിധി പറഞ്ഞു. ഏഴു വര്‍ഷത്തെ തടവുശിക്ഷയാണ് ബിറ്റിയ്ക്ക് വിധിച്ചത്.

തുടര്‍ന്ന് അമ്മയ്ക്ക് സുഖമില്ലെന്ന് കാണിച്ച് 2006 നവംബര്‍ 20ന് ബിറ്റി പരോളില്‍ ഇറങ്ങി. അമ്മയെ കാണാന്‍ ഒറീസയിലെ കട്ടക്കിലേക്ക് പുറപ്പെട്ട ബിറ്റി മുങ്ങുകയായിരുന്നു. ജയിലില്‍ ആയി എട്ട് മാസത്തിനകം 15 ദിവസത്തെ പരോളില്‍ ഇറങ്ങി മുങ്ങിയ ബിറ്റിയെ കണ്ടെത്താന്‍ പൊലീസിനായില്ല. അതേസമയം മകനെ രക്ഷപ്പെടാന്‍ സഹായിച്ചതായി വ്യക്തമായതോടെ പിതാവ് ബിബി മൊഹന്തിയ്ക്കെതിരെ രാജസ്‌ഥാന്‍ പൊലീസ്‌ അറസ്‌റ്റ്‌ വാറണ്ട് പുറപ്പെടുവിച്ചു. ഇതോടെ അദ്ദേഹവും ഒളിവില്‍ പോയി. 2008ല്‍ അദ്ദേഹം കീഴടങ്ങി. അദ്ദേഹത്തെ പിന്നീടു സര്‍വീസില്‍ നിന്നു നീക്കുകയും ചെയ്തു. എന്നിട്ടും ബിറ്റിയെ കണ്ടെത്താനായില്ല.

ആറ് വര്‍ഷം ബിറ്റിയെക്കുറിച്ച് ആര്‍ക്കും ഒരു വിവരവും ലഭിച്ചുമില്ല. മകനെക്കുറിച്ച് ഒരറിവും ഇല്ലെന്നും അവനെ തങ്ങള്‍ മറന്നുതുടങ്ങി എന്നുമായിരുന്നു പിതാവിന്റെ പ്രതികരണം. “ഒരു പക്ഷേ അവന്‍ മരിച്ചിട്ടുണ്ടാകാം, അല്ലെങ്കില്‍ അവന്റെ കുടുംബം ഇത്രയും പ്രതിസന്ധികള്‍ നേരിടുമ്പോള്‍ അവന്‍ വരേണ്ടതല്ലേ?”- പിതാവ് ഒരിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഉന്നതതലത്തില്‍ നിന്നുള്ള ഇടപെടല്‍ മൂലം അന്വേഷണം മന്ദഗതിയിലാവുകയായിരുന്നു എന്നും ആരോപണം ഉയര്‍ന്നു.

ബിറ്റി വിദേശത്തേക്ക് കടന്നിട്ടില്ലെന്ന ഉറപ്പില്‍ തന്നെയായിരുന്നു രാജസ്ഥാന്‍ പൊലീസ്. ഒടുവില്‍ ഇപ്പോള്‍ ബിറ്റിയുടെ ഒളിയിടം പൊലീസ് കണ്ടെത്തുകയും ചെയ്തു. പീഡനത്തിനിരയായ ജര്‍മന്‍ യുവതി ഇതിനിടെ സ്വദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :