മണിക്കെതിരെ നടപടിയെടുക്കുമെന്ന് പി ബി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും ശീലമുണ്ടെന്ന വിവാദ പ്രസ്താവനയെത്തുടര്‍ന്ന് സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കും. ചൊവ്വാഴ്ച ചേര്‍ന്ന അവയിലബിള്‍ പോളിറ്റ് ബ്യൂറോയാണ് എം എം മണിക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച വാര്‍ത്താക്കുറിപ്പ് അവയിലബിള്‍ പി ബി പുറത്തിറക്കി.

എം എം മണിയുടെ വാക്കുകളെ പാര്‍ട്ടി തള്ളിക്കളയുന്നു, മണിക്കെതിരെ ഉചിതമായ നടപടികള്‍ ഉണ്ടാക്കും എന്നുമാണ് പി ബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. പാര്‍ട്ടി നേതാവിന്റെ പ്രസ്താവനയെ അപലപിച്ചുകൊണ്ട് പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കുന്നത് വളരെ അപൂര്‍വമാണ്. നിലവിലുള്ള സ്ഥാനത്ത് നിന്ന് തരം താഴ്ത്തുകയാണ് പാര്‍ട്ടി മണിക്കെതിരെ സ്വീകരിച്ചേക്കാവുന്ന നടപടി.

മണിയുടെ പ്രസ്താവനയോട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അതിനാല്‍ത്തന്നെ മണിയുടെ പ്രസ്താവന സി പി എം കേന്ദ്ര നേതൃത്വത്തേയും വെട്ടിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മണിയുടെ പ്രസ്താവനയെ അപലപിച്ചുകൊണ്ട് പോളിറ്റ് ബ്യൂറൊ ഇത്തരം ഒരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയ്യാറാക്കിയാണ് വകവരുത്തിയതെന്നായിരുന്നു മണി വിവാദ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. 13 പേരുടെ പട്ടിക തയാറാക്കി. ഇതില്‍ മൂന്നുപേരെയാണ് കൊന്നതെന്നും മണി പറഞ്ഞിരുന്നു. മണിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ പതിമൂന്നോളം കൊലപാതക കേസുകളാണ്‌ പൊലീസ്‌ വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :