സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് പ്രത്യേക കര്‍മ്മപരിപാടികള്‍ ആരംഭിച്ചതായി റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന് അറിയിച്ചു.
ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കുന്നതിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ സംസ്ഥാനത്ത് ഏറ്റെടുക്കാന്‍ അവശേഷിക്കുന്ന മുഴുവന്‍ മിച്ച ഭൂമിയും ഏറ്റെടുക്കുന്നതിനുള്ള സമയബന്ധിത പരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനകം ചുരുങ്ങിയത് രണ്ട് ലക്ഷം ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇതിന്റെ ഭാഗമായി ഇപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായ 1200 ഓളം ഏക്കര്‍ മിച്ചഭൂമിയുടെ വിതരണം മേയ് മാസത്തില്‍ ആരംഭിക്കും. പുറമേ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുത്ത ഭൂമിയും ഭൂരഹിതര്‍ക്ക് നല്‍കും. ഇതിനായി ഭൂരഹിതരില്‍ നിന്നുള്ള അപേക്ഷ ഏപ്രില്‍ ഇരുപതിന് വില്ലേജ് ഓഫീസുകളില്‍ വിതരണം ചെയ്തു തുടങ്ങും.
ഇപ്പോള്‍ ലാന്റ് ബോര്‍ഡുകളില്‍ നിലവിലുള്ള കേസുകള്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിച്ച് മിച്ചഭൂമി ഏറ്റെടുക്കും. ഇങ്ങനെ ഏറ്റെടുക്കുന്ന ഭൂമി ഭാവിയില്‍ വിതരണം ചെയ്യുന്നതിന് എല്ലാ വില്ലേജുകളിലും ഭൂരഹിതരുടെ ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കും.
മിച്ചഭൂമി ഏറ്റെടുക്കലും വിതരണവും ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുവാന്‍ ചേര്‍ന്ന താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍മാരുടേയും മറ്റ് റവന്യൂ ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.