ബിജിമോളെ പൊലീസ് മര്‍ദ്ദിച്ചു, താലിമാല പൊട്ടിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
പി ജെ കുര്യനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷനും മഹിളാ ഫെഡറേഷനും നിയമസഭാ കവാടത്തിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി. ദേശീയ മഹിളാ ഫെഡറേഷന്‍ അസോസിയേഷന്‍ ഇ എസ് ബിജിമോള്‍ എം എല്‍ എടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. പൊലീസുമായുള്ള സംഘര്‍ഷത്തിനിടെ ബിജി മോള്‍ക്ക് മര്‍ദ്ദനമേറ്റു. പിടിവലിക്കിടെ അവരുടെ താലിമാല പൊട്ടി. പരുക്കേറ്റ ബിജിമോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷത്തിനിടെ ഗീതാഗോപി എം എല്‍ എയ്ക്കും പരുക്കേറ്റു.

പരുക്കേറ്റ ബിജിമോളുമായി നിയമസഭയിലെത്തിയ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവച്ചു. ബിജിമോളെ പൊലീസ്‌ ക്രൂരമായി മര്‍ദിച്ചുവെന്ന്‌ പ്രതിപക്ഷനേതാവ് വി എസ്‌ അച്യുതാനന്ദന്‍ ആരോപിച്ചു. മഹിളാ പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്.

പി ജെ കുര്യനെ അറസ്റ്റുചെയ്യുക, രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് കുര്യനെ നീക്കുക, സൂര്യനെല്ലി പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്. പ്രകടനമായെത്തിയവരെ അറസ്റ്റു ചെയ്തുനീക്കാന്‍ പൊലീസ് ശ്രമിച്ചു. എന്നാല്‍ മഹിളാ പ്രതിഷേധം ഫലപ്രദമായി നേരിടാന്‍ പൊലീസിനായില്ല. വിരലിലെണ്ണാവുന്ന പൊലീസുകാര്‍ മാത്രമാണ് സഭാകവാടത്തില്‍ ഉണ്ടായിരുന്നത്. ആവശ്യത്തിന് വനിതാ പൊലീസുകാരും ഉണ്ടായിരുന്നില്ല. വലിച്ചിഴച്ച് സ്ത്രീകളെ പൊലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെ പലര്‍ക്കും പരിക്കേറ്റു. ആശുപത്രിയില്‍ കൊണ്ടുപോകാതെ നേരെ നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് സ്ത്രീകളെ കൊണ്ടുപോകുകയും ചെയ്തു.

പി കെ ശ്രീമതി, കെ കെ ശൈലജ, ടി എന്‍ സീമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അപ്രതീക്ഷിതമായി നിയമസഭാ മാര്‍ച്ച് ആദ്യം നടന്നത്. പിന്നീട് ബിജി മോളുടെ നേതൃത്വത്തില്‍ മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :