ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ള സന്യാസം സ്വീകരിക്കട്ടെയെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സന്യാസം സ്വീകരിച്ച ശേഷം നല്ല നായരായി അദ്ദേഹം തിരിച്ചെത്തട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സുപ്രീംകോടതി വിധിയെ എല്ലാവരും അംഗീകരിക്കുകയാണ് വേണ്ടത്. കോടതി നടപടിയെ ചോദ്യം ചെയ്താല്‍ അതാണ് നിര്‍ഭാഗ്യകരം. വിധിയുടെ അടിസ്ഥാനത്തില്‍, കേരള രാഷ്ട്രീയത്തില്‍ നിന്ന് മാറി സന്യാസം സ്വീകരിച്ച് നല്ല നായരായി ബാലകൃഷ്ണപിള്ള തിരിച്ചുവരട്ടെ - വെള്ളപ്പള്ളി പറഞ്ഞു.
എന്നാല്‍, വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലുള്ളതാണ് ബാലകൃഷ്ണപിള്ളയ്ക്ക് എതിരെയുള്ള ഇടമലയാര്‍ കേസെന്ന് ഏവര്‍ക്കും അറിയാവുന്നതാണെന്ന് എന്‍ എസ് എസ് പ്രതികരിച്ചു. ഈ ശിക്ഷ കൊണ്ട് ജനങ്ങളുടെ മനസില്‍ നിന്ന് ബാലകൃഷ്ണപിള്ളയെ മാറ്റിനിര്‍ത്താനാകില്ല. രാഷ്ട്രീയവും വ്യക്തിപരവുമായ പകപോക്കലാണ് ഇതിന് പിന്നില്‍ - എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കരും സെക്രട്ടറി ജി സുകുമാരന്‍ നായരും പറഞ്ഞു. എന്‍ എസ് എസിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ബാലകൃഷ്ണപിള്ള.
അതേസമയം, ബാലകൃഷ്ണപിള്ളയെ യു ഡി എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി തുടങ്ങിയവരാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയത്. സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങള്‍ നേതാക്കള്‍ ബാലകൃഷ്ണപിളളയുമായി ചര്‍ച്ച ചെയ്തു.
കോടതിവിധിയുടെ പേരില്‍ ബാലകൃഷ്ണപിള്ളയെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.