നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്‍പെ ബജറ്റ് പുറത്തായെന്ന പ്രതിപക്ഷ ആരോപണം വസ്തുതാപരമല്ലെന്ന് സ്പീക്കര്‍ ജി കാര്ത്തികേയന്. അതിനാല്‍ ബജറ്റ് ചോര്‍ന്നുവെന്ന ആക്ഷേപവും ആരോപണവും നിലനില്‍ക്കുന്നതല്ലെന്നും സ്പീക്കര്‍ നിയമസഭയില്‍ അറിയിച്ചു.
പെന്ഷന് പ്രായം അന്പത്താറാക്കി ഉയര്‍ത്തുമെന്ന വാര്‍ത്ത ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പെ ചില പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബജറ്റ് അവതരണത്തിനിടയിലും ഇക്കാര്യത്തില്‍ പ്രതിപക്ഷം ബഹളം വെച്ചിരുന്നു.
തുടര്‍ന്ന് ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സ്പീക്കര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബജറ്റിലും വാര്ത്തയിലുമുണ്ടായ സാമ്യം യാദൃശ്ചികം മാത്രമാണ്. പത്രത്തില്‍ വന്ന വാര്‍ത്ത ബജറ്റ് ചോര്‍ച്ചയായി കാണാനാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം ബജറ്റ് ചോര്‍ന്നു എന്ന തരത്തില്‍ തന്റെ വാക്കുകള്‍ക്ക് വ്യാഖ്യാനം നല്‍കിയത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.
നയപരമായ തീരുമാനത്തെക്കുറിച്ചുള്ള ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ വന്ന വാര്‍ത്ത മാത്രമാണിതെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. ഏറെ നാളായി കേരളത്തില്‍ ചര്‍ച്ച ചെയ്യുന്ന കാര്യമാണ് ഇത്. അതേസമയം ബജറ്റിലെ രഹസ്യസ്വഭാവമുള്ള നിര്‍ദേശങ്ങളില്‍ ഒന്നുപോലും മാധ്യമവാര്‍ത്തകളില്‍ ഇല്ലെന്നും കെ എം മാണി ചൂണ്ടിക്കാട്ടി.