'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ്' തിരുവനന്തപുരത്ത്!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ആറാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ ഏഴിന് വൈകുന്നേരം ഏഴിന് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേളയ്ക്ക് തിരിതെളിക്കും.

കെനിയന്‍ സംവിധായകനും ഗ്രീന്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ മൈക് പാണ്ഡേ മുഖ്യാതിഥിയായിരിക്കും. പലസ്തീന്‍ സംവിധായകന്‍ എമാദ് ബര്‍നാത്തും ഇസ്രായേല്‍ സംവിധായകന്‍ ഗേയ് ദാവീദിയും ചേര്‍ന്നൊരുക്കിയ 'ഫൈവ് ബ്രോക്കണ്‍ ക്യാമറാസ്' ആണ് ഉദ്ഘാടന ചിത്രം. വൈവിദ്ധ്യമാര്‍ന്ന ചിത്രങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് മേള. വിവിധ വിഭാഗങ്ങളിലായി വിദേശത്ത് നിന്നുള്‍പ്പെടെ 200 ഓളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

മത്സര-മത്സരേതര വിഭാഗങ്ങള്‍ക്ക് പുറമെ വിദേശ ഡോക്യുമെന്ററികളുടെയും ഹ്രസ്വ ചിത്രങ്ങളുടെയും പ്രത്യേക വിഭാഗങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡോക്യുമെന്ററി ചലച്ചിത്രശാഖയുടെ വികാസ പരിണാമങ്ങളിലേക്ക് വെളിച്ചം വീശുന്ന ചരിത്ര സിനിമകളുടെ പ്രദര്‍ശനം കാണികള്‍ക്ക് വിലപ്പെട്ട ദൃശ്യാനുഭവമായി മാറും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :