കൊച്ചി എല്‍ എന്‍ ജി മുതല്‍ ഏഴ് ജില്ലകളിലൂടെ കാസര്‍കോട് വരെ നീളുന്ന ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിയുമായി മുന്നോട്ട് നീങ്ങാന്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന GAIL-ന്റെ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അനുമതി ലഭിച്ച ഭൂമി മുഴുവന്‍ ഉടന്‍ ഏറ്റെടുക്കണം. എറണാകുളം ജില്ലയില്‍ പദ്ധതി പൂര്‍ത്തിയായ സാഹചര്യത്തില്‍ അത് ഉടന്‍ കമ്മീഷന്‍ ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.
വിജയകരമായ ഒരു മാതൃക ഇല്ലാത്തതാണ് സംസ്ഥാനത്തിന്റെ പ്രശ്‌നം. മാലിന്യസംസ്‌കരണമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ കേരളം നേരിടുന്നതും ഇതേ അവസ്ഥയാണ്. ജനങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ കൃത്യമായ ബോധവത്കരണം നല്‍കാന്‍ സാധിക്കണം. അതുവഴി ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുവാനും പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുവാനുള്ള ശ്രമങ്ങളുമാണ് നടത്തേണ്ടത്. ഗ്യാസ് പൈപ്പ്‌ലൈന്‍ സംബന്ധിച്ച് ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ തടസം ഉന്നയിക്കുന്നത് ഇത്തരത്തിലുള്ള ബോധവത്കരണത്തിന്റെ അഭാവം മൂലമാണ്. ഇത് മറികടക്കാനും ജനങ്ങള്‍ക്ക് പദ്ധതിവഴി പ്രശ്‌നമുണ്ടാകില്ലെന്ന് ഉറപ്പുനല്‍കാനുമായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം. പരസ്യങ്ങളും ബോധവത്കരണവുമുള്‍പ്പെടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊച്ചിയിലെ എല്‍ എന്‍ ജി കമ്മീഷനിങ് വഴി ജനങ്ങള്‍ക്ക് മുന്നില്‍ ഇത് സംബന്ധിച്ച് ഒരു മാതൃക നല്‍കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി സ്ഥലം ഏറ്റെടുക്കുമ്പോഴുള്ള നഷ്ടപരിഹാരം 30 ശതമാനത്തില്‍ നിന്നും 50 ശതമാനമായാണ് കേരളം ഉയര്‍ത്തിയിട്ടുള്ളത്. ജനങ്ങളുടെ പൂര്‍ണ സഹകരണം ഇക്കാരണത്താല്‍ ഉണ്ടാകും. തടസങ്ങള്‍ ഉയരുന്ന സ്ഥലങ്ങളില്‍ ബന്ധപ്പെട്ട എം എല്‍ എമാരെ വിളിച്ചുചേര്‍ത്ത് ചര്‍ച്ചകള്‍ വഴി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കും. വേണ്ടിവന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.