പ്രൊഫ അമ്പലപ്പുഴ രാമവര്‍മ അന്തരിച്ചു

കോട്ടയം| WEBDUNIA|
PRO
കഥകളി നിരൂപകനും ഗ്രന്ഥകാരനുമായ പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതു മുതല്‍ 12 വരെ മൃതദേഹം സിഎംഎസ് കോളെജില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരം മൂന്നു മണിക്കു വീട്ടുവളപ്പില്‍ സംസ്കാരം.

കിടങ്ങൂര്‍ വടവാമന ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും അമ്പലപ്പുഴ പുതിയകോവിലകത്ത് അംബികയുടെയും മകനായി 1926 ഡിസംബര്‍ 10 നു ജനിച്ചു. കൃഷ്‌ണപുരം കുറ്റിയില്‍ കോവിലകത്ത്‌ പരേതയായ സതീഭായിയാണ്‌ ഭാര്യ.

അമ്പലപ്പുഴ ഹൈസ്കൂള്‍, ആലുവ യുസി കോളെജ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1948-50 ല്‍ യുസി കോളെജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1952 ല്‍ സിഎംഎസ് കോളെജില്‍ അധ്യാപകനായി. 1960 മുതല്‍ മലയാള വിഭാഗം മേധാവിയായി. 1986 ല്‍ വിരമിച്ചു.

1993ല്‍ കഥകളിക്കുള്ള എംകെകെ നായര്‍ അവാര്‍ഡിന് അര്‍ഹനായി. 2004 ല്‍ കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരവും ലഭിച്ചു. ഡോ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുരസ്‌കാരം (2006), പ്രഫ.എസ്. ഗുപ്തന്‍നായര്‍ പുരസ്‌കാരം (2007) എന്നിവയും ലഭിച്ചിട്ടുണ്ട്. കലാമണ്ഡലം കഥകളി ഗ്രൂപ്പിന്റെ മേല്‍നോട്ടം വഹിച്ച് 1986ല്‍ പശ്ചിമ ജര്‍മനിയില്‍ പര്യടനം നടത്തി.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല ഉള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങള്‍ക്ക് അവതാരിക എഴുതി. നവരശ്മി, സാഹിതീസൗരഭം, കഥകളി നിരൂപണം, വീണപൂവ്-വ്യാഖ്യാനം, സ്വപ്നവാസവദത്തം-വിവര്‍ത്തനം, കല്യാണസൗഗന്ധികം, ശീതങ്കല്‍ തുള്ളല്‍-ആമുഖവും വ്യാഖ്യാനവും, ഭാഷാ നൈഷധ ചമ്പു-പഠനം, തിരഞ്ഞെടുത്ത സുഭാഷിതങ്ങള്‍.

കേരളത്തിലെ പ്രാചീനകലകള്‍, കവിപൂജയും കാവ്യാസ്വാദനവും, സ്മൃതിമണ്ഡപം, സുഭാഷിത മഞ്ജരി, പ്രബന്ധമഞ്ജൂഷ തുടങ്ങി നാല്‍പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക സമിതി, ഭാരതീയ നൃത്യകലാലയം എന്നിവയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഗുരു ഗോപിനാഥ് ട്രസ്റ്റിന്റെ വൈസ്പ്രസിഡന്റും അഖില കേരള തുള്ളല്‍ കലാസമിതിയുടെ രക്ഷാധികാരിയുമാണ്..


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :