സി പി ഐ സംസ്ഥാന സെക്രട്ടറിയായി പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തു. ഏറേ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കത്തിനും ഒടുവിലാണ് പന്ന്യനെ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. കാനം രാജേന്ദ്രന്റെയും സി ദിവാകരന്റെയും പേരുകള്‍ ഉന്നയിച്ച് നേതാക്കള്‍ ചേരിതിരിഞ്ഞതോടെയാണ് സമവായം എന്ന നിലയില്‍ പന്ന്യന്‍ രവീന്ദ്രനെ സെക്രട്ടറിയാക്കിയത്.
സി ദിവാകരനെ സെക്രട്ടറിയാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റും എക്‌സിക്യൂട്ടീവും നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം തള്ളിയ സംസ്ഥാന കൗണ്‍സില്‍ യോഗം കാനം രാജേന്ദ്രനെ സെക്രട്ടറിയാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് ഒത്തു തീര്‍പ്പെന്ന നിലയില്‍ പന്ന്യന്‍ രവീന്ദ്രന്റെ പേര് ഉന്നയിച്ചത്. പാര്‍ട്ടിയുടെ പരമോന്നത സമിതിയായ ദേശീയ സെക്രട്ടേറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ പന്ന്യനെ പാര്‍ട്ടി സെക്രട്ടേറിയായി പരിഗണിക്കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ പന്ന്യന് തന്നെ നറുക്ക് വീഴുകയായിരുന്നു. കെ പ്രകാശ്ബാബു, സി എന്‍ ചന്ദ്രന്‍ എന്നിവരാണ് അസിസ്റ്റന്റ് സെക്രട്ടറിമാര്‍.