പട്ടണത്തില്‍ തെരുവുനായ് ശല്യം കൂടുന്നതിനാല്‍ മൃഗസംരക്ഷണ, പൊതുജനക്ഷേമപ്രവര്ത്തനങ്ങള്ക്കു പോലും തിരിച്ചടി. ആലപ്പുഴയില്‍ ആളുകള്‍ക്കും മൃഗങ്ങള്‍ക്കും നേരെ തുടര്‍ച്ചയായി ആക്രമണമുണ്ടായിട്ടും അധികൃതര്‍ക്കു കുലുക്കമില്ല.
കേരളത്തില്‍ ഇതുവരെ ഒരു റസിഡന്റ്സ് അസോസിയേഷനും ചെയ്യാത്ത വിധത്തില്‍ തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് (ടിആര്‍എ) പ്രദേശത്ത് ആവശ്യപ്പെടുന്നവര്‍ക്കെല്ലാം ആടുകളെ നല്കാന് തുടക്കമിട്ട 'ആടും വീടും' പദ്ധതി അധികൃതരുടെ പിടിപ്പുകേടു കൊണ്ട് തെരുവു നായ്ക്കളെ നിയന്ത്രിക്കാത്തതു മൂലം അവതാളത്തിലായി.
പ്രദേശത്തു നിലവിലുണ്ടായിരുന്ന നായ്ശല്യം ആടുകളെ വിതരണം ചെയ്തതു മുതല്‍ അധികരിച്ചതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതിനാല് പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്. മതില്‍ക്കെട്ടുകള്‍ വരെ ചാടിക്കടന്നാണ് ആക്രമണോത്സുകരായ പട്ടികള്‍ വീട്ടുമുറ്റങ്ങളിലെത്തുന്നത്. അതിനാല്‍ ആടുവളര്‍ത്തല്‍ ദുഷ്കരമാകും.
ഇതിനിടെ മറ്റു പല ഭാഗങ്ങളിലും തെരുവുനായ്ക്കള്‍ ആള്‍ക്കാരെയും മൃഗങ്ങളേയും ആക്രമിച്ചു ഗുരുതരമായി കടിച്ചുകീറി പരിക്കേല്‍പ്പിക്കുന്നതായി തുടര്‍ച്ചയായി വാര്‍ത്ത വന്നിട്ടും മുനിസിപ്പാലിറ്റി അധികൃതര്‍ക്കു കുലുക്കമില്ല. കളക്ടറേറ്റ്, കോടതി, ആശുപത്രികള്‍, ബീച്ച് തുടങ്ങിയ ആളുകള്‍ കൂടുതലായി എത്തുന്നയിടങ്ങളിലെല്ലാം നായ്ക്കള്‍ വിളയാടിയിട്ടും അധികൃതര്‍ നിസംഗതയോടെയാണതിനെ നോക്കിക്കാണുന്നത്. ഇതേസമയം, ആടുകളേയും മറ്റും തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന സംഭവങ്ങളില്‍ മുനിസിപ്പാലിറ്റി നഷ്ടപരിഹാരം നല്കാന് തയാറായിട്ടുമില്ല.
ആലപ്പുഴ പട്ടണത്തില്‍ ഭീതി വിതച്ച് വിഹരിക്കുന്ന തെരുവുനായ്ക്കളെ പിടിക്കാന്‍ 2013 ജൂലൈ എട്ടു മുതല്‍ കോഴിക്കോട് നിന്നുള്ള സംഘം രംഗത്തിറങ്ങുമെന്നുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടണമെന്നാവശ്യപ്പെട്ട് ടി.ആര്.എ മുനിസിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും കത്തു നല്‍കിയിരുന്നു. എന്നാല്‍ മൃഗസ്നേഹികളുടെ എതിര്പ്പിനെത്തുടര്ന്നാണെന്നു പറയപ്പെടുന്നു പ്രഖ്യാപിച്ചതു പോലെ പട്ടിപിടുത്തം നടത്തിയില്ല. മുന്‍പും കത്തുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല.
തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് (ടിആര്‍എ) പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം കൂടുകയാണ്. മഠം റോഡിലെ ടിആര്‍എ 19-നു സമീപത്ത് ഏകദേശം ഒരു ഡസന്‍ നായ്ക്കളുടെ സ്ഥിര ശല്യമുണ്ടെന്നു സ്ഥലവാസികള്‍ പരാതിപ്പെടുന്നു. ഷൂസുകള്‍, പത്രങ്ങള്‍ തുടങ്ങി പുറത്തു വച്ചിരിക്കുന്ന എല്ലാ വസ്തുക്കളും നായ്ക്കള്‍ കടിച്ചുകീറി നശിപ്പിക്കുകയും ആള്‍ക്കാരെയും മൃഗങ്ങളേയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. വീടുകളുടെ ടെറസുകളുടെ മുകളില്‍ വരെ നായ്ക്കള്‍ കയറി ആക്രമണം നടത്തുന്നു. വര്‍ഷങ്ങളായി പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തത് ഖേദകരമാണെന്നു മുന്‍പും എടുത്തുകാട്ടിയിട്ടുണ്ട്.
ടി.ആര്.എയുടെ 'ആടും വീടും' പദ്ധതിയെ തെരുവുനായ്ക്കള്‍ പ്രതികൂലമായി ബാധിക്കുമെന്നു സൂചിപ്പിച്ച് ജൂണ്‍ ഒന്നിന് അധികൃതര്‍ക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ മറുപടിയോ നടപടിയോ ഉണ്ടായിട്ടില്ല. ആവശ്യപ്പെടുന്ന അംഗങ്ങള്‍ക്കെല്ലാം ആടുകളെ സൗജന്യമായി നല്കുന്ന പദ്ധതിയായിട്ടുപോലും നായ്ശല്യം മൂലം ഭൂരിപക്ഷം പേരും താത്പര്യം പ്രകടിപ്പിച്ചില്ല. നാട്ടുകാരുടെ ക്ഷേമത്തിനും വികസനത്തിനുമായുള്ള ഒരു പദ്ധതി പരാജയപ്പെടുന്നത് നായ്ശല്യം മൂലമാണെന്നു അധികൃതര്‍ മനസ്സിലാക്കാത്തത് ഖേദകരമാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.