തിരുവനന്തപുരം|
സജിത്ത്|
Last Modified ബുധന്‍, 9 ഓഗസ്റ്റ് 2017 (16:25 IST)
സംസ്ഥാനത്തെ സിനിമാ തിയറ്ററുകളില്‍ ഇ ടിക്കറ്റിങ് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ നടപ്പില്‍വരുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. പുതിയ ടെക്‌നോളജിയിലൂടെ മാറ്റത്തിന്റെ പാതയിലാണ് ഇപ്പോള്‍ മലയാള
സിനിമ സഞ്ചരിക്കുന്നത്. അതോടൊപ്പംതന്നെ പലവിധത്തിലുള്ള പ്രശ്‌നങ്ങളും ഈ മേഖലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിനായി സമഗ്രമായ നിയമനിര്‍മ്മാണവും പരിഷ്‌കാരങ്ങളുമാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം നിയമസഭയില്‍ എം സ്വരാജ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി പറഞ്ഞു.
സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്ത് നൂറോളം തീയേറ്ററുകള്‍ വരുന്ന വേളയില്‍ തന്നെ ഇപ്പോഴുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പലതരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ചില പ്രശ്‌നങ്ങളെ സംബന്ധിച്ച് സിനിമാ മേഖലയില്‍ പുതുതായി രൂപം കൊണ്ട വിമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടന സംസ്ഥാന സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങളെക്കുറിച്ചും തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുമെല്ലാം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ജസ്റ്റിസ് ഹേമ ചെയര്‍പേഴ്‌സണായും ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥയായ കെ ബി വത്സലകുമാരി ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായും ഒരു വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം ഈ രംഗത്ത് സ്ത്രീ സുരക്ഷയ്ക്ക് എന്തെല്ലാം കാര്യങ്ങളാണോ ചെയ്യേണ്ടത്, അതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.