ഡിഫിക്കാര്‍ സക്കറിയയെ കൈയ്യറ്റം ചെയ്തു

കണ്ണൂര്‍| WEBDUNIA|
കണ്ണൂരിലെ പയ്യന്നൂരില്‍ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയയെ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഡിവൈഎഫ്ഐക്കാരുടെ നടപടി മൃഗീയവും ഏകാധിപത്യപരവുമാണെന്ന് വിവിധ സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ഡിവൈഎഫ്ഐക്കാരാണ് തന്നെ ആക്രമിച്ചതെന്ന് തന്നെയാണ് ആരോപിച്ചത്. സംഭവത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പി ശ്രീരാമകൃഷ്ണന്‍ ഖേദം പ്രകടിപ്പിച്ചു.

ഡിസംബര്‍ ബുക്സിന്‍റെ പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഡിവൈഎഫ്ഐക്കാര്‍ പ്രകോപിതരായി സക്കറിയയെ ആക്രമിച്ചത്. പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുമ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താനെ മഞ്ചേരിയില്‍ തടഞ്ഞുവച്ചത് ഡിവൈഎഫ്ഐക്കാരാണെന്നും അത് ശരിയായ നടപടി അല്ലായിരുന്നെന്നും സക്കറിയ പറയുകയുണ്ടായി. ലൈംഗികതയുടെ കാര്യത്തില്‍ യാഥാസ്‌ഥിതികത്വം അടിച്ചേല്‍പ്പിക്കുകയാണെന്ന ആരോപണവും ഉണ്ണിത്താന്‍ സംഭവം പരാമര്‍ശിച്ച്‌ സക്കറിയ ഉന്നയിച്ചു.

പ്രസംഗം കഴിഞ്ഞ്‌ വേദിവിട്ട ഉടന്‍ തന്നെ സക്കറിയയെ തടഞ്ഞുനിര്‍ത്തി പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഏരിയാ നേതാവ്‌ പ്രതിഷേധം അറിയിച്ചു. സമ്മേളനവേദിയില്‍നിന്ന്‌ ഹോട്ടലിലെത്തിയ സക്കറിയ തിരിച്ചുപോകാന്‍ കാറില്‍ കയറുമ്പോഴാണ്‌ ഡിവൈഎഫ്ഐക്കാരുടെ കൈയേറ്റ ശ്രമമുണ്ടായത്‌. ഡിവൈഎഫ്ഐക്കാരാണ് രാജ്മോഹന്‍ ഉണ്ണിത്താനെ തടഞ്ഞുവച്ചത് എന്ന് സക്കറിയ പ്രസംഗിച്ചതാണ് ഡിവൈഎഫ്ഐക്കാരെ പ്രകോപിപ്പിച്ചത്.

കണ്ടുനിന്നവര്‍ സക്കറിയയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഡിവൈഎഫ്ഐക്കാര്‍ സക്കറിയയെ അസഭ്യം പറയുകയും ഷര്‍ട്ടില്‍ പിടിച്ചുവലിക്കുകയും ചെയ്തു. ഡിവൈഎഫ്ഐക്കാരെ ചോദ്യം ചെയ്യാന്‍ സക്കറിയയ്ക്ക് അവകാശമില്ലെന്ന് ഇവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. അഞ്ചുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പി ശ്രീരാമകൃഷ്ണന്‍ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുമെന്നും സെക്രട്ടറി ടിവി രാജേഷ്‌ പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമെന്നും അപലപനീയമെന്നും പറഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :