വാട്ടര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വട്ടപ്പാറ എല്‍എംഎസ് സ്കൂളിനു സമീപം ഉഷസില്‍ ഫിനോജ് എന്ന എംടെക് വിദ്യാര്‍ത്ഥിയാണു ദുരന്തത്തില്‍ മരിച്ചത്.
അരുവിക്കര നിന്ന് വെള്ളം നിറയ്ക്കാന്‍ പോയ വാട്ടര്‍ ടാങ്കര്‍ ലോറി അമിതവേഗതയിലായിരുന്നു എന്ന് സംഭവത്തിന്റെ ദൃക്സാക്ഷികള്‍ പറഞ്ഞു. അമിത വേഗതയിലായിരുന്ന ലോറി ഓട്ടോറിക്ഷയെ ഓവര്‍ടെക്ക് ചെയ്യുന്നതിനിടയിലാണു എതിരെ വന്ന ബൈക്കില്‍ ഇടിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് കരകുളം ജംഗ്ഷനിലുണ്ടായ ഈ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഫിനോജിനെ സംഭവ സ്ഥലത്തെത്തിയ നെടുമങ്ങാട് സിഐ സുരേഷാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എന്നാല്‍ അവിടെയെത്തി ഒരു മണിക്കൂറിനകം ഫിനോജ് മരിച്ചു.
അരുള്‍ദാസ് - ശാന്തി ദമ്പതികളുടെ ഏക മകനായ ഫിനോജ് നാലാഞ്ചിറ മാര്‍ ബസേലിയസ് കോളേജിലെ എംടെക് വിദ്യാര്‍ത്ഥിയാണ്. മെഡിക്കല്‍ കോളേജില്‍ ഫിനോജിനൊപ്പം എത്തിയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ ഫിനോജ് മരിച്ചെന്നറിഞ്ഞപ്പോള്‍ മുങ്ങിയതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.