തങ്ങളുടെ കുടുംബം 17 വര്‍ഷമായി വേട്ടയാടപ്പെടുകയാണെന്ന് പി ജെ കുര്യന്റെ ഭാര്യ സൂസന്‍ കുര്യന്‍. കുപ്രചരണങ്ങള്‍ വേദനിപ്പിക്കുന്നതാണ്. സൂര്യനെല്ലി പെണ്‍കുട്ടിയുടെ ആരോപണം ശരിയല്ല. 1996 ഫെബ്രുവരി 19ന് തന്നോടൊപ്പം അത്താഴം കഴിക്കാന്‍ ഭര്‍ത്താവുണ്ടായിരുന്നുവെന്നും സൂസന്‍ പറഞ്ഞു.
തന്റെയും പെണ്‍മക്കളുടെയും കൊച്ചുമക്കളുടെയുമൊക്കെ ഭാഗം കേള്‍ക്കാന്‍ ഇതുവരെ ആരും തയാറായിട്ടില്ല. ആരും തന്നോട് ഇതേക്കുറിച്ച് ചോദിച്ചിട്ടില്ല. ഒരു സ്ത്രീയെന്ന നിലയില്‍ സഹിക്കാവുന്നതിന് അപ്പുറത്തെ പീഡനമാണ് അനുഭവിക്കുന്നതെന്നും സൂസന്‍ പറഞ്ഞു.
സൂസന്‍ ഒപ്പിട്ടു പുറത്തിറക്കിയ രണ്ടു പേജുകളുള്ള പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്തീപക്ഷവാദികള്‍ കുര്യനും ഒരു കുടുംബമുണ്ടെന്ന്‍ ഓര്‍മ്മിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേ സമയം 17 വര്‍ഷമായി സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടിയുടെ കുടുംബം പറയുന്നതിങ്ങനെയാണ് - 'എന്റെ സ്വന്തം വീട്ടിലെ കാര്യമെടുക്കാം. ആങ്ങളയ്ക്കും മക്കള്‍ക്കുമൊക്കെ ഞാന്‍ ബന്ധുവെന്ന് പറയാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. ഓരോരുത്തരും അടുപ്പം കുറച്ചു. ഇപ്പോ രണ്ടു കൂട്ടരുടെയും ബന്ധക്കാരുമില്ല, സ്വന്തക്കാരുമില്ല. കല്ല്യാണമോ മരണം പോലുമോ അറിയിക്കാറില്ല' പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.
“പലപ്പോഴും, എല്ലാം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചതാണ്. ഒന്നും ശരിയാവില്ലെന്ന് തോന്നും ചിലപ്പോള്‍. ഭ്രാന്തു പിടിച്ചതുപോലെ തകര്‍ന്നുപോവും. എല്ലാം അവസാനിപ്പിക്കാന്‍ മനസ്സുറയ്ക്കും. എന്നാല്‍, കുറച്ചു കഴിയുമ്പോള്‍ ആ അവസ്ഥയും മാറും. ആത്മഹത്യയിലേക്ക് ഒരിക്കല്‍ പോലും ആലോചനകള്‍ പോയില്ല. ദൈവവിശ്വാസമാണ് ഞങ്ങളെ ജീവിപ്പിച്ചത്‘’ (ഏഷ്യാനെറ്റ് ന്യൂസിന്റെ ലേഖകന്‍ ജിമ്മി ജെയിംസിനോട് പറഞ്ഞത്).