കോഴിക്കോട് ജയിലില്‍ മൊബൈല്‍ ഫോണ്‍ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍

കോഴിക്കോട്| WEBDUNIA|
PRO
PRO
പ്രതികളുടെ ഫേസ്ബുക്ക് ഉപയോഗത്തിന്റെ പേരില്‍ വിവാദത്തിലായ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് രണ്ടാമതൊരു ഫോണ്‍ കൂടി കണ്ടെടുത്തു. ജയിലിലെ പൊതുകുളിമുറിയ്ക്ക് സമീപം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ ആയിരുന്നു ഫോണ്‍.

ചൊവ്വാഴ്ച രാവിലെ 8:15 ഓടെ ജയില്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. മണ്ണ് ഇളക്കി മാറ്റി ഫോണ്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയില്‍ ആയിരുന്നു. ഇത് തിരിച്ചറിയാതിരിക്കാന്‍ മുകളില്‍ ഇഷ്ടിക വച്ചിട്ടുണ്ടായിരുന്നു.

കണ്ടെത്തിയത് സാധാരണ ഫോണ്‍ ആണ്. ഇതില്‍ സിം കാര്‍ഡും ഉണ്ടായിരുന്നു. കണ്ടെടുത്ത ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറി.

പ്രതികള്‍ ഉപയോഗിക്കുന്ന കക്കൂസിന്റെ പൈപ്പില്‍ നിന്നാണ് ശനിയാഴ്ച ഫോണ്‍ കണ്ടെത്തിയത്. പൈപ്പ് വൃത്തിയാക്കുന്നതിനിടെയാണ് ഫോണ്‍ കണ്ടെത്തിയത്. സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പിന്റെ തടസ്സം നീക്കുന്നതിനിടെയായിരുന്നു ഇത്.

ടിപി വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ ഫേസ്ബുക്കടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാനിടയായ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിരിക്കുന്നത്. ജയിലിലെ ഫേസ്ബുക്ക് ഉപയോഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ഉടന്‍ തന്നെ മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കപ്പെട്ടിരിക്കാം എന്നതിലേക്കാണ് ഇത് വിരല്‍‌ചൂണ്ടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :