തിരുവനന്തപുരം|
Last Modified വെള്ളി, 30 മെയ് 2014 (12:17 IST)
ആറന്‍മുള വിമാനത്താവള പദ്ധതിയില്‍ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ കെ ജി എസ് കമ്പനി അപ്പീല്‍ നല്‍കി അനൂകൂല വിധി സമ്പാദിച്ചാല്‍ അതിനെ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ട്രൈബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
പുതിയതായി നിലം നികത്തുന്നതിനോ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനോ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ഇക്കാര്യം കമ്പനിയെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയത് അനുസരിച്ചാണ് നിലം നികത്തിയിട്ടുള്ളത്. ഇനി ഇത്തരം ഒരനുമതി നല്‍കില്ല. എന്നാല്‍ റണ്‍വേ നിര്‍മ്മാണത്തിന് ആവശ്യമെങ്കില്‍ നിലംനികത്താന്‍ അനുവദിക്കും. അത് പരമാവധി 20 ഏക്കറില്‍ കൂടില്ല - മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാര്‍ വിമാനത്താവളത്തിന് നല്‍കിയ അനുമതി റദ്ദാക്കില്ല. എന്നാല്‍ ഇപ്പോള്‍ പാരിസ്ഥിതികാനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ല. അനുകൂല വിധിയുമായി കമ്പനി വന്നാല്‍ അതിനെ എതിര്‍ക്കുകയുമില്ല. പ്രശ്നം തീര്‍ക്കേണ്ടത് കെ ജി എസിന്‍റെ ബാധ്യതയാണ് - ഉമ്മന്‍ചാണ്ടി നയം വ്യക്തമാക്കി.