കുഫോസിന്റെ വികസനത്തിന് 100 കോടി ലഭ്യമാക്കുമെന്ന് മന്ത്രി കെ ബാബു

കൊച്ചി| WEBDUNIA|
PRO
PRO
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസിന്റെ (കുഫോസ്) വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര ബജറ്റില്‍ നിന്നും 100 കോടി രൂപ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ ബാബു. പണം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന ഉന്നതതല ഉദ്യോഗസ്ഥരുമായും ഉടന്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കുഫോസിലെ ഏഴ് സ്‌കൂളുകളുടെ സ്വതന്ത്രപ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം കുഫോസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കുഫോസിനെ മികവിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതിനു കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടത്. ഏഴ് സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കുഫോസിന് കൂടുതല്‍ മുന്നോട്ടു പോകുവാനുള്ള ഊര്‍ജമാണ് കൈവരുന്നത്. ഇതിലൂടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനുള്ള അവരസരമൊരുങ്ങും.

30 മാസത്തിനകം മറ്റു യൂണിവേഴ്‌സിറ്റികളോടൊപ്പം മത്സരിച്ച് മുന്‍പന്തിയിലെത്താന്‍ കുഫോസിന് സാധിച്ചു. യൂണിവേഴ്‌സിറ്റിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരുവിധ തടസവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. കുഫോസിന്റെ കൈവശമുള്ള 20 ഏക്കര്‍ സ്ഥലം എല്‍എന്‍ജിക്ക് നല്കാനുള്ള തീരുമാനം പിന്‍വലിച്ച് കുഫോസിനു തന്നെ വിട്ടുനല്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയിലൂടെ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

ഈ സ്ഥലം മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കുഫോസിനു കഴിയും. ജീവനക്കാരുടെ അഭാവമാണ് യൂണിവേഴ്‌സിറ്റി നേരിടുന്ന നിലവിലെ പ്രശ്‌നം. ഇതിന്റെ ഭാഗമായി അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 64 തസ്തികകള്‍ കുഫോസിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :