കുടിവെള്ളവും ഐപാഡും തമ്മിലെന്താ ബന്ധമെന്ന് ചോദിക്കരുത്. കാരണം ജനം കുടിവെള്ളം തപ്പിപോവുമ്പോള്‍ ജലഅതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇനി ഐപാഡില്‍ കളിക്കാം. പൈപ്പ് ലൈന്‍ പലയിടത്തും അടിക്കടി പൊട്ടുകയും ദിവസങ്ങളോളം കുടിവെള്ളം ഇല്ലാതെ പൊതുജനം വലയുമ്പോള്‍ ഐ പാഡുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനാണ് ജല അതോറിറ്റിയുടെ തീരുമാനം.
കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങള്‍ക്കായുള്ള ജപ്പാന്‍ ഇന്‍റര്‍നാഷനല്‍ കോര്‍പറേഷന്‍ ഏജന്‍സി (ജിക്ക)യുടെ വായ്പാ തുകയെടുത്താണ് ഐ പാഡ് വാങ്ങിയത്. ഇതുസംബന്ധിച്ച ജല അതോറിറ്റി എം ഡി അശോക് കുമാര്‍ സിംഗിന്റെ ഉത്തരവ് ഏപ്രില്‍ 20നാണ് പുറത്തിറങ്ങിയത്. വകുപ്പ് മന്ത്രി പോലും അറിയാതെയായിരുന്നു ഉത്തരവ്.
ഈ വര്‍ഷം ജനുവരി 25 ന് ചേര്‍ന്ന ഉന്നതതല സാങ്കേതിക സമിതിയാണ് 30 ‘ഐ പാഡ് - ത്രി ’വാങ്ങുന്നതിനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. ഐ പാഡുകള്‍ ജിക്കയുടെ സ്ഥാപന ശാക്തീകരണ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയാണ് വാങ്ങിയത്. വിവിധ തസ്തികകളിലുള്ള 30 പേര്‍ക്കാണ് ഐപാഡ് നല്‍കുന്നത്.
ഐ പാഡ് -ത്രിക്ക് വിപണിയില്‍ 45,000 രൂപവരെയാണ് വില. അതായത് ഉദ്യോഗസ്ഥരുടെ മാത്രമായ ഈ പേക്കൂത്തിന് വക നീക്കുന്നത് ഖജനാവിലെ ലക്ഷങ്ങള്‍.