കാലിക്കറ്റ് വിസി: ലീഗ് പുതിയ ആളെ തേടുന്നു

കോഴിക്കോട്| WEBDUNIA|
വി പി അബ്ദുള്‍ഹമീദിനെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആക്കാനുള്ള നീ‍ക്കം മുസ്ലീം ലീഗ് ഉപേക്ഷിച്ചു. ഈ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താനും തീരുമാനമായി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ്ബഷീറാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.

അക്കാദമിക്ക് രംഗത്ത് മികവുള്ള മറ്റൊരാളെ വി സി സ്ഥാനത്തേക്ക് കണ്ടെത്താന്‍ വിദ്യാഭ്യാസ മന്ത്രിയോടും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറോടും ആവശ്യപ്പെട്ടതായും ഇ ടി മുഹമ്മദ്ബഷീര്‍ വ്യക്തമാക്കി. എന്നാല്‍ അബ്ദുല്‍ഹമീദിനെ നാമനിര്‍ദേശം ചെയ്തതില്‍ ലീഗിന് വീഴ്ച പറ്റിയിട്ടില്ലെന്നും പൊതു താത്പര്യം പരിഗണിച്ചാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്ലസ്ടു പ്രിന്‍സിപ്പലായിരുന്ന അബ്ദുല്‍ഹമീദിനെ വൈസ്ചാന്‍സലര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്ത ഇതിനോടകം തന്നെ വിവാദമായിരുന്നു. വി സി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഞായറാഴ്ച നടന്ന ലീഗ് സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തി വിശദീകരണം ആരായുകയും ചെയ്തു.

അഞ്ചാം മന്ത്രി എന്ന ആവശ്യത്തില്‍ ഉറച്ച് ലീഗ് മുന്നോട്ട് പോകുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി‍.

അഞ്ചാം മന്ത്രിയെന്ന ആവശ്യത്തെക്കുറിച്ച് പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവര്‍ പറയേണ്ട സമയത്ത്‌ പറയുമെന്ന് കേന്ദ്രമന്ത്രി ഇ അഹമ്മദ് ഞായറാഴ്ച തിരുവനന്തപുരത്ത് പറഞ്ഞു. അഞ്ചാം മന്ത്രിയും തന്റെ കാബിനറ്റ്‌ പദവിയും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും ഇ അഹമ്മദ്‌ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :