തിരുവനന്തപുരം|
Last Modified വെള്ളി, 13 ജൂണ്‍ 2014 (11:50 IST)
കാപ്പ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം
നിയമസഭ ബഹിഷ്കരിച്ചു. കാപ്പ നിയമം ഉപയോഗിച്ച് യുവനേതാക്കളെ കള്ളക്കേസില്‍ കുടുക്കയാണ് പൊലീസ് ചെയ്യുന്നതെന്ന് പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് ഇ പി ജയരാജന്‍ പറഞ്ഞു. ഇടതുനേതാക്കളെ കേസില്‍ കുടുക്കാന്‍ ഈ നിയമം ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ ലക്‍ഷ്യങ്ങളോടെ നിയമം പ്രയോഗിക്കുന്നത് സര്‍ക്കാരിന്‍റെ നയമല്ലെന്ന് ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. നിയമഭേദഗതി ഇപ്പോള്‍ ആലോചനയില്‍ ഇല്ല. എന്നാല്‍ 'കാപ്പ' നിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. കാപ്പ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
കാപ്പ നിയമം പൂര്‍ണമായും ദുരുപയോഗം ചെയ്യുകയാണെന്ന അഭിപ്രായം പ്രതിപക്ഷത്തിനില്ലെന്നും എന്നാല്‍ അങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. തുടര്‍ന്ന്, അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.