എസ്എടി ആശുപത്രിയില്‍ ഒരു കോടിരൂപ ചെലവില്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി യൂണിറ്റ് ഉടന്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു. ആശുപത്രി ദിനാചരണ പരിപാടിയുടെയും നവീകരിച്ച മെഡിസിന്‍ സ്റ്റോറിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നവജാതശിശു വിഭാഗത്തിലേക്കും ഇരുപതാം വാര്‍ഡിലേക്കുമുള്ള ലിഫ്റ്റിന്റെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍വഴി ആശുപത്രിയില്‍ സിടി സ്കാന്‍ ലഭ്യമാക്കുന്നതിനും കാരുണ്യ ലാബ് തുറക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആശുപത്രിയില്‍ ഇടയ്ക്കിടെ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വൈദ്യുതിത്തകരാറുകള്‍ പരിഹരിക്കുന്നിന് എസ്എടിയുടെ വൈദ്യുതിലൈനിനെ ഹൈടെന്‍ഷന്‍ ട്രാന്‍സ്ഫോര്‍മറുമായി ഒരാഴ്ചയ്ക്കകം ബന്ധിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
ആശുപത്രിയില്‍ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം കെ മുരളീധരന്‍ എംഎല്‍എ നിര്‍വഹിച്ചു. മേയര്‍ അഡ്വ കെ ചന്ദ്രിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ വി ഗീത എന്നിവര്‍ പങ്കെടുത്തു.