കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എമേര്‍ജിംഗ് കേരള എന്ന നിക്ഷേപക സംഗമത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് വീണ്ടും രംഗത്ത്.അഴിമതി എമേര്‍ജ് ചെയ്യാനുള്ള വേദിയാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എമേര്‍ജിംഗ് കേരളയെന്ന് വി എസ് കുറ്റപ്പെടുത്തി. പദ്ധതികളെക്കുറിച്ച് വ്യക്തത നല്‍കാതെ പരിപാടിയില്‍ ക്ഷണിച്ചാലും താന്‍ പങ്കെടുക്കില്ലെന്നും വി എസ് പറഞ്ഞു.
ഭൂമി കച്ചവടമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നെല്ലിയാമ്പതിയും വാഗമണും ഉള്‍പ്പെടെയുള്ള വനഭൂമിയുടെ കച്ചവടമാണ് എമേര്‍ജിംഗ് കേരളയില്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എമേര്‍ജിംഗ് കേരളയ്ക്കെതിരെ നേരത്തെയും വി എസ് രംഗത്ത് വന്നിരുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് കേരള സര്‍ക്കാര്‍ എമേര്‍ജിംഗ് കേരള എന്ന പേരില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നതെന്ന് വി എസ് ആരോപിച്ചു.
നെല്ലിയാമ്പതിയില്‍ ടൂറിസം പദ്ധതിക്ക് എമര്‍ജിംഗ് കേരളയില്‍ നിര്‍ദ്ദേശം വന്നത് ഏറെ വിവാദമയിരിക്കുകയാണ്. സ്വകാര്യ പങ്കാളിത്തത്തോടെ ഫോറസ്റ്റ് ലോഡ്ജും ഹെല്‍ത്ത് റിസോര്‍ട്ടും സ്ഥാപിക്കാനാണ് പദ്ധതി. 25 ഏക്കര്‍ ഭൂമിയില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം. നെല്ലിയാമ്പതിയിലെ വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഉയരവേയാണ് പുതിയ നിര്‍ദേശം എമേര്‍ജിംഗ് കേരളയുടെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.