ഐസ്ക്രീം കേസ്: വാദം കേള്‍ക്കുന്നത് സെപ്റ്റംബര്‍ ഒന്നിലേക്ക് മാറ്റി

കോഴിക്കോട്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഐസ്ക്രീം കേസില്‍ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്‌ കോഴിക്കോട്‌ ഒന്നാം ക്ലാസ്‌ ജുഡിഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി സെപ്റ്റംബര്‍ ഒന്നിലേക്ക്‌ മാറ്റി. വി എസിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ്‌ വാദം കേള്‍ക്കുന്നത് നീട്ടിയത്.

ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വി എസ്‌ ഹര്‍ജി നല്‍കിയിട്ടുണ്ട് ഇതിനാല്‍ വാദം കേള്‍ക്കുന്നത് നീട്ടണമെന്ന് ആവശ്യപ്പെടുന്നതെന്ന് വി എസിന്‌ വേണ്ടി ഹാജരായ അഡ്വ രാജീവ്‌ പറഞ്ഞു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി പിന്നെന്തിനാണ്‌ ഈ ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന്‌ ആരാഞ്ഞു. ഇത്തരം കേസുകള്‍ പെട്ടന്ന്‌ തീര്‍പ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസില്‍ വാദം കേള്‍ക്കാന്‍ സെപ്റ്റംബര്‍ ഒന്നിന്‌ അവസാന അവസരമായിരിക്കുമെന്ന്‌ പറഞ്ഞാണ്‌ കോടതി കേസ്‌ നീട്ടിയത്‌. തെളിവുകള്‍ ഇല്ലെന്ന്‌ ചൂണ്ടിക്കാട്ടി കേസ്‌ അവസാനിപ്പിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ തന്റെ വാദം കൂടി കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന്‌ ആവശ്യപ്പെട്ടാണ്‌ വി എസ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. കഴിഞ്ഞ ആറിന്‌ കോടതിയില്‍ നേരിട്ട്‌ ഹാജരായാണ്‌ വി എസ്‌ ഹര്‍ജി നല്‍കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :