ഉറുമി കാണാനെത്തിയ ഐജി ശ്രീലേഖയ്ക്ക് അസഭ്യവര്‍ഷം

കൊച്ചി| WEBDUNIA|
PRO
കൊച്ചി നഗരത്തില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ ഐജി ശ്രീലേഖയെ അജ്ഞാതനായ യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചത് ഒരുമാസം മുമ്പാണ്. ശ്രീലേഖയ്ക്ക് നേരെ ഇപ്പോള്‍ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നു. പൃഥ്വിരാജ് നായകനായ ‘ഉറുമി’ എന്ന സിനിമ കാണാനെത്തിയ ഐജിയെ കൈയേറ്റം ചെയ്യാന്‍ ഒരുകൂട്ടം യുവാക്കള്‍ ശ്രമിക്കുകയായിരുന്നു.

എറണാകുളം പത്മ തിയേറ്ററിലാണ് സംഭവം. ഐ ജി വന്ന കാറിനു കുറുകെയായി നിര്‍ത്തിയിരുന്ന ബൈക്ക് പൊലീസിന്‍റെ സഹായത്തോടെ എടുത്തുമാറ്റാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. ഇത് കണ്ടുകൊണ്ടുവന്ന ഒരുകൂട്ടം യുവാക്കള്‍ ശ്രീലേഖയോട് തട്ടിക്കയറുകയായിരുന്നു. യുവാക്കളോട് ഐജിയും ചൂടായതോടെ പ്രശ്നം വഷളായി.

യുവാക്കളിലൊരാള്‍ ഐജിക്കെതിരെ അസഭ്യവര്‍ഷം നടത്തി. മാത്രമല്ല കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ സെന്‍‌ട്രല്‍ പൊലീസ് സംഘം ഇടപെട്ടു. യുവാക്കളെ പൊക്കി അകത്താക്കുകയും ചെയ്തു.

മട്ടാഞ്ചേരി സ്വദേശികളായ ഷൈജു, ഷമീര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പെറ്റിക്കേസ് ചാര്‍ജ് ചെയ്ത് വിട്ടയച്ചു എന്നാണ് പൊലീസ് പറയുന്നതെങ്കിലും യുവാക്കള്‍ക്ക് നല്ല തല്ലുകിട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :