ഉത്തേജകം ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്; രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നഷ്ടമാകും?

ന്യൂഡല്‍ഹി| WEBDUNIA|
PRO
അവസാനഘട്ടത്തിലെത്തിയ അര്‍ജുന അവാര്‍ഡ് പട്ടികയില്‍ നിന്നും മലയാളി ട്രിപ്പിള്‍ ജമ്പിള്‍ താരം രഞ്ജിത്ത് മഹേശ്വരിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ഉത്തേജ മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് നേരത്തെ രഞ്ജിത് മഹേശ്വരിയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തേജ മരുന്ന ഉപയോഗത്തില്‍ നടപടി നേരിട്ട താരത്തിന് അര്‍ജുന അവാര്‍ഡ് നല്‍കരുതെന്നതിനെത്തുടര്‍ന്നാണ് പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന.

അര്‍ജുന അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യാനിരിക്കെയാണ് രഞ്ജിത്തിനെ അവാര്‍ഡ് പട്ടികയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. കായിക സെക്രട്ടറി ഇതുസംബന്ധിച്ച് തീരുമാനമെടുത്തെന്നാണ് സൂചന.

ഉത്തേജക പരിശോധനയില്‍ രഞ്ജിത് പരാജയപ്പെട്ടുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. 2008ല്‍ കൊച്ചിയില്‍ നടന്ന നാല്പത്തിയെട്ടാമത് ഓപ്പണ്‍ ചാന്പ്യന്‍ഷിപ്പില്‍ ഉത്തേജക പരിശോധനയില്‍ രഞ്ജിത് പരാജയപ്പെട്ടതായാണ് പത്രം ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

കായികദിനമായ ഓഗസ്റ്റ് 29നാണ് അര്‍ജുന അവാര്‍ഡ് വിതരണം ചെയ്യേണ്ടിയിരുന്നതെങ്കിലും കായികമന്ത്രി ജിതേന്ദ്രസിംഗ് സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

മലയാളി വോളിബോള്‍ താരം ടോം ജോസഫിനെ അര്‍ജുന അവാര്‍ഡ് പരിഗണനയില്‍ നിന്നും ഒന്‍പതാം തവണയും തഴഞ്ഞത് വിവാദമായിരുന്നു ഇതിനെത്തുടര്‍ന്നാണ് കായിക കേരളത്തിന് തിരിച്ചടിയാവുന്ന ഈ സംഭവവും നടന്നിരിക്കുന്നത്.

രഞ്ജിത്തിനെതിരായ ഇപ്പോഴത്തെ നീക്കത്തില്‍ ഉത്തരേന്ത്യന്‍ ലോബിയുടെ ഗൂഢാലോചനയും ദുരൂഹതയും ഉണ്ടെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് അവാര്‍ഡ് പട്ടിക തയ്യാറാക്കുന്നതെന്നതിനാൽ തന്നെ ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണം ഉയർന്നത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :