ഉത്തരവാദിത്തരാഹിത്യം രാജ്യത്തെ കലാപഭൂമിയാക്കും: സ്പീക്കര്‍

തിരുവനന്തപുരം| WEBDUNIA|
PRO
പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്തരാഹിത്യം രാജ്യത്തെ കലാപ ഭൂമിയാക്കുമെന്ന് നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. കേരള നിയമസഭയുടെ ശതോത്തര വാര്‍ഷികത്തോടനുബന്ധിച്ച് കേരളാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) നിയമസഭാ നടപടികളില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥ സംവിധാനത്തിന് പൊതുസമൂഹത്തോട് ഉത്തരവാദിത്തമുണ്ടാകണം. ജനത്തിന് അപ്രാപ്യമായ ഉദ്യോഗസ്ഥ സംവിധാനം ജനാധിപത്യത്തെ തകര്‍ക്കും. കോടതികളെ സമീപിക്കാന്‍ കഴിയുന്ന വേഗതയില്‍ പോലും ഉദ്യോഗസ്ഥ സംവിധാനത്തെ സമീപിക്കാന്‍ കഴിയുന്നില്ലെന്ന അവസ്ഥ ചിലര്‍ മൂലമുണ്ടാകുന്നുണ്ട്.

പൊതു നന്മ ലക്ഷ്യം വച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ മാത്രമേ രാജ്യത്തിനും ജനങ്ങള്‍ക്കും ഉന്നമനം സാധ്യമാകുകയുള്ളു. ഇതിന് സമഗ്രവും കൂട്ടായതുമായ പ്രവര്‍ത്തനം ആവശ്യമാണ്. ഉദ്യോഗസ്ഥരുടേതുള്‍പ്പെടെയുള്ള അലസത എല്ലാ കാര്യങ്ങളെയും ബാധിക്കുന്നതായും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഉത്തരവാദിത്തരഹിതമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകണം.

നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പോലും കൃത്യമായി കഴിയാത്ത തരത്തിലുള്ള അലംഭാവവും അലസതയും ചില മേഖലകളിലുള്ളത് പ്രയാസകരമാണ്. സഭ നിര്‍മിക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കേണ്ടത് ഉദ്യോഗസ്ഥരാണ്.ഇത്തരത്തില്‍ ജനാധിപത്യ സംവിധാനത്തിന് പൂരകമായി നില്‍ക്കുന്ന ഉദ്യോഗസ്ഥ മേഖലയില്‍ കൃത്യവും ഉത്തരവാദിത്തത്തോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ സമഗ്ര പുരോഗതിയിലേക്ക് കൊണ്ടു വരുമെന്നും സ്പീക്കര്‍ പറഞ്ഞു.

ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും വിജയത്തിനുമുള്ള കൂട്ടായ പരിശ്രമങ്ങളാണ് ലെജിസ്‌ലേച്ചര്‍, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എന്നിവയുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്. ഭരണഘടനയിലൂന്നി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനങ്ങള്‍ കടമകള്‍ കൃത്യതയോടെ നിര്‍വഹിച്ചാല്‍ ജനാധിപത്യ സംവിധാനം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയും പൂര്‍ണതയിലെത്തുകയും ചെയ്യും.

ഭരണഘടനാ സ്ഥാപനങ്ങള്‍ പരസ്പരം കൈകടത്തുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഒന്ന് മറ്റൊന്നിനേക്കാള്‍ ഉയര്‍ന്നതോ കുറഞ്ഞതോ അല്ല. പരമാധികാരങ്ങളുള്ള ഈ സ്ഥാപനങ്ങള്‍ പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കണം.

ജനാഭിലാഷമനുസരിച്ച് നിയമം നിര്‍മിക്കുകയാണ് സഭയുടെ ഉത്തരവാദിത്തം. ഭരണ നിര്‍വഹണം നീതി പൂര്‍വ്വകമാണോയെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം നീതിന്യായ വ്യവസ്ഥയുടേതാണ്. വിമര്‍ശനങ്ങളും വിയോജിപ്പുകളും ചര്‍ച്ചകളും നടന്നാല്‍ മാത്രമേ ഭരണ സംവിധാനം മുന്നോട്ടു പോവുകയുള്ളു. നിയമ നിര്‍മാണം പൂര്‍ണതയിലെത്തണമെങ്കില്‍ ചര്‍ച്ചകള്‍ അനിവാര്യമാണ്.

അഭിപ്രായ വ്യതാസങ്ങളുണ്ടെങ്കിലും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ പരിഗണനയ്‌ക്കെടുക്കുന്ന നിയമനിര്‍മാണ വേളകളില്‍ ഭിന്നതകള്‍ മാറ്റിവച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ ജനാധിപത്യ സംവിധാനം പൂര്‍ണതയിലെത്തുകയുള്ളുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :