ഇവിടെ ന്യൂനപക്ഷങ്ങള്‍ക്കേ രക്ഷയുള്ളൂ: എന്‍എസ്എസ്, എസ്എന്‍ഡിപി

ആലപ്പുഴ| WEBDUNIA|
PRO
കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മാത്രമേ രക്ഷയുള്ളൂ എന്നും ഭൂരിപക്ഷ സമുദായക്കാര്‍ പലായനം ചെയ്യേണ്ട സാഹചര്യമാണുള്ളതെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. ഇരുവരും എന്‍ എസ് എസ് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇങ്ങനെ പറഞ്ഞത്.

ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് നീതി, ന്യായം, ധര്‍മ്മ, എന്നിവ ലഭിക്കുന്നില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ക്കാകട്ടെ അത് വാരിക്കോരി കൊടുക്കുകയും ചെയ്യുന്നു. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മാത്രമേ ഇപ്പോഴത്തെ ഭരണത്തില്‍ രക്ഷയുള്ളൂ. ഭൂരിപക്ഷ സമുദായങ്ങളോടുള്ള ഈ അനീതിക്കെതിരെയാണ് എന്‍ എസ് എസിന്‍റെയും എസ് എന്‍ ഡി പിയുടെയും ഐക്യം. അത് ആര്‍ക്കും തകര്‍ക്കാനാവില്ല - സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും പറഞ്ഞു.

ഞങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. സത്ഭരണം സാധ്യമാക്കാനായി ഞങ്ങളുടെ സമുദായാംഗങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സര്‍ക്കുലര്‍ ഇറക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഓരോ സര്‍ക്കുലര്‍ ഇറക്കിയാല്‍ തന്നെ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകും. ഹിന്ദുക്കളെ തമ്മില്‍ തല്ലിച്ച് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന നിലപാട് മാറിമാറി വന്ന ഇടതു-വലതു സര്‍ക്കാരുകള്‍ സ്വീകരിച്ചു. അതുകൊണ്ടാണ് ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നത്. ഞങ്ങളുടെ ഈ നിലപാട് ന്യൂനപക്ഷങ്ങള്‍ക്കെതിരല്ല. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഞങ്ങള്‍ എതിര് പറയുന്നില്ല. എന്നാല്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സംവരണവും ന്യൂനപക്ഷ ആനുകൂല്യങ്ങളും ലഭിക്കുന്നു. വിശാല ഭൂരിപക്ഷ സമുദായ ഐക്യത്തിന് വേണ്ടിയാണ് ഞങ്ങള്‍ ശ്രമിക്കുന്നത് - സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും അറിയിച്ചു.

രമേശ് എന്‍ എസ് എസിനെ തള്ളിപ്പറഞ്ഞാല്‍ എന്‍ എസ് എസിന് ഒന്നും സംഭവിക്കില്ലെന്നും എന്നാല്‍ മറിച്ചായാല്‍ ചെന്നിത്തലയ്ക്ക് തെക്കുവടക്ക് നടക്കേണ്ടി വരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഒരു ബട്ടണ്‍ ഇട്ടാല്‍ കേരളം മുഴുവന്‍ ചലിപ്പിക്കാന്‍ കഴിയുന്ന രണ്ട് സംഘടനകളാണ് ഞങ്ങളുടേത്. ഞങ്ങള്‍ വിചാരിച്ചാല്‍ എല്ലാ രാഷ്ട്രീയ സംഘടനകളെയും പാഠം പഠിപ്പിക്കാന്‍ കഴിയും. ഞങ്ങളെ മുഷിപ്പിച്ചാല്‍ അവര്‍ക്ക് അത് ദോഷം ചെയ്യും - സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി.

വി എസ് ശിവകുമാറിനെ മന്ത്രിയാക്കണമെന്ന് മാത്രമേ എന്‍ എസ് എസ് ആവശ്യപ്പെട്ടിട്ടുള്ളൂ. മറ്റൊരാള്‍ക്ക് വേണ്ടിയും പറഞ്ഞിട്ടില്ല. ശിവകുമാറിന് വേണ്ടി സംസാരിച്ചത് എന്തുകൊണ്ടാണെന്ന് എ കെ ആന്‍റണിക്ക് അറിയാം - സുകുമാരന്‍ നായര്‍ പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിലെ മൂന്ന് മന്ത്രിമാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. മറ്റ് മന്ത്രിമാര്‍ക്കൊന്നും ശബ്ദമില്ല. ഞങ്ങള്‍ക്ക് പണി നല്ലതുപോലെ അറിയാം. പണിയേണ്ട സ്ഥലത്ത് പണിഞ്ഞോളാം. ഈ ഭരണം കുറച്ചുകൂടിയൊന്ന് ചീഞ്ഞുനാറട്ടെ - സുകുമാരന്‍ നായര്‍ പറഞ്ഞു.

ഗണേഷിനെ വീണ്ടും മന്ത്രിയാക്കണമെന്ന് പറയാന്‍ എന്‍ എസ് എസ് നേതൃത്വത്തിന് അവകാശമുണ്ടെന്ന് വെള്ളാപ്പള്ളി നടേശനും അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :