ഇടപ്പിള്ളി-തൃശൂര്‍ ദേശീയപാതയില്‍ ടോള്‍നിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ നീക്കം
ചാലക്കുടി : |
WEBDUNIA|
PRO
PRO
ഇടപ്പിള്ളി- തൃശൂര്‍ ദേശീയപാതയില്‍ വീണ്ടും ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി. നിലവിലുള്ള തുകയില്‍ നിന്ന് അഞ്ചുരൂപ മുതല്‍ 25 രൂപവരെ കൂട്ടുവാനാണ് കരാറുകാരായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് കേന്ദ്ര ദേശീയപാത അതോറിറ്റി അനുവാദം നല്‍കിയിരിക്കുന്നത്.
കാര്‍, ജീപ്പ്, പാസഞ്ചര്‍ വാന്‍ എന്നിവക്ക് ഒരു വശത്തേക്ക് 55 രൂപയായിരുന്നത് 60 രൂപയാകും. വിവിധ യാത്രകള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ 85 രൂപയില്‍ നിന്ന് 90 രൂപയാക്കും. ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 95ല്‍ നിന്ന് 105 രൂപയും ഇരുവശത്തേക്ക് 145 രൂപയും ആക്കുവാനാണ് തീരുമാനം. മാസനിരക്കുകളിലും നൂറു രൂപയില്‍ കൂടുതലാണ് വര്‍ദ്ധന വരുത്തിയിരിക്കുന്നത്. വലിയ വാഹനങ്ങള്‍ക്ക് 310 രൂപയായിരുന്നത് 335ഉം ഇരുവശത്തേക്ക് 465 എന്നത് 505 രൂപയുമായി വര്‍ദ്ധിക്കും.
റോഡുകളുടെ നിര്‍മാണവും അതിന്റെ അറ്റകുറ്റപണികളും കണക്കാക്കിയാണ് 17 വര്‍ഷത്തേക്ക് ബിഒടി അടിസ്ഥാനത്തില്‍ റോഡ് പണിയുവാനും ടോള്‍ പിരിക്കുവാനും സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബിഒടി റോഡുകളുടെ ടോള്‍ നിരക്ക് ഇവിടെ മാത്രമായി കുറയ്ക്കാന്‍ കഴിയുകയില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ടോള്‍ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കുവാന്‍ നല്കിയ അനുവാദം അസാധാരണ നടപടിയാണെന്ന് പറയപ്പെടുന്നു.
ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലും നിലവിലെ ടോള്‍ നിരക്ക് കൂടുതല്‍ ആണെന്നും മൂന്നു ചക്രവാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ ടോള്‍ നിരക്ക് ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. മുരിങ്ങൂര്‍ മുതല്‍ കൊരട്ടി വരെയുള്ള സര്‍വ്വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുവാന്‍ 98 കോടി രൂപ സര്‍ക്കാരില്‍ നിന്നും നല്കുവാനും തീരുമാനമായിരുന്നു.