അഭയ: നാര്‍ക്കോ സിഡി ഇന്‍റര്‍നെറ്റില്‍

കൊച്ചി| WEBDUNIA|
PRO
അഭയ കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധനാ സിഡികള്‍ ഇന്‍റര്‍നെറ്റില്‍ പരക്കുന്നു. ചാനലുകള്‍ പ്രദര്‍ശിപ്പിച്ച ക്ലിപ്പിംഗുകളാണ് നെറ്റിലെ വീഡിയോ സൈറ്റായ യൂ ട്യൂബിലും മറ്റും വ്യാപകമായിട്ടുള്ളത്. ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് കോടതി വിലക്കിയിട്ടുണ്ടെങ്കിലും ഇത് സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല.

കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ നാര്‍ക്കോ പരിശോധനാ സിഡികളാണ് ഇന്‍റര്‍നെറ്റില്‍ സുലഭമായിരിക്കുന്നത്. പരിശോധന നടത്തിയ സ്ത്രീയുടെ ചോദ്യങ്ങളോടുള്ള പ്രതികളുടെ മറുപടി ഉള്‍പ്പെടെയാണ് ദൃശ്യങ്ങള്‍. ഇവരുടെ മറുപടികള്‍ വലിയ അക്ഷരത്തില്‍ ബ്രേക്കിംഗ് ന്യൂസായി എഴുതി കാണിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

രണ്ടര മുതല്‍ മൂന്നര മിനുട്ടുകള്‍ വരെ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് സൈറ്റുകളില്‍ ഉള്ളത്.
പ്രതികള്‍ക്ക് നാര്‍ക്കോ സിഡിയുടെ പകര്‍പ്പ് കൊടുത്ത ദിവസമാണ് ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് ഈ ദൃശ്യങ്ങള്‍ ചോര്‍ന്നുകിട്ടിയത്. മണിക്കൂറുകളോളം ചാനലുകള്‍ ഇവ സം‌പ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ഉച്ചയ്ക്കുശേഷം വിചാരണ കോടതിയുടെ ഉത്തരവനുസരിച്ച് ദൃശ്യങ്ങള്‍ പിന്‍‌വലിക്കുകയായിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാമെന്നും എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതെച്ചൊല്ലി മാധ്യമങ്ങളോട് കോടതി വിശദീകരണം ആരായുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :