ഒന്‍പതാം നൂറ്റാണ്ടില്‍ നിന്ന് 12ാം നൂറ്റാണ്ടിന്‍െറ ആരംഭഘട്ടം വരെ കോട്ടയം കുലശേഖര സാമ്രാജ്യത്തിനു കീഴിലായിരുന്നു. അതിനുശേഷം ഈ പ്രദേശം ഭരിച്ചിരുന്നത് തെക്കംകൂര്‍-വടക്കംകൂര്‍ രാജവംശമായിരുന്നു.
പതിനെട്ട;ം നൂറ്റാണ്ടോടെ ഈ പ്രദേശങ്ങള്‍ തിരുവിതാംകൂര്‍ രാജവംശത്തിനു കീഴിലായി. തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും പ്രബലനായ ഭരണാധികാരിയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ. മാര്‍ത്താണ്ഡവര്‍മ്മക്കു ശേഷം അധികാരമേറ്റെടുത്ത ധര്‍മ്മരാജാ കോട്ടയത്തെ ഒരു തന്ത്രപ്രധാനമായ പ്രദേശമാക്കി മാറ്റിയെടുത്തു. ടിപ്പുവിന്‍െറ പട മലബാര്‍ പ്രദേശത്തെ ആക്രമിച്ചപ്പോള്‍ പല നാട്ടുരാജാക്കന്മാര്ക്കും അഭയമരുളിയത് കോട്ടയമായിരുന്നു.
സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഒരു മുഖ്യപങ്കു വഹിച്ച കോട്ടയം, ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായ വൈക്കം സത്യാഗ്രഹത്തിന് ആതിഥ്യമരുളി.