പാകിസ്‌ഥാന്‍റെ ചതി, ഇന്ത്യയുടെ തിരിച്ചടി

അനിരാജ് എ കെ| Last Modified വ്യാഴം, 23 ജൂലൈ 2020 (19:50 IST)
1999ല്‍ പാകിസ്ഥാന്‍ സൈന്യം കശ്മീര്‍ ഭീകരരുടെയും അഫ്ഗാന്‍ കൂലിപ്പടയാളികളുടെയും സഹായത്തോടെ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകള്‍ പിടിച്ചടക്കി ശ്രീനഗര്‍-ലേ ദേശീയ പാത നിയന്ത്രണത്തിലാക്കി. ഇന്ത്യന്‍ പോസ്റ്റുകള്‍ പിടിച്ച വിവരം ഒരു ആട്ടിടയനാണ് സൈന്യത്തെ അറിയിച്ചത്.

1999 മെയ്‌ 26 ന് ജമ്മു-കാശ്‌മീരിലെ കാര്‍ഗില്‍, ദ്രാസ്‌-ബടാലിക്‌ മേഖലകളില്‍ നുഴഞ്ഞുകയറിയ പാകിസ്ഥാന്‍ പിന്തുണയുള്ള ആക്രമണകാരികള്‍ക്കു നേരെ വ്യോമാക്രമണം നടത്തിക്കൊണ്ട്‌ ഇന്ത്യയ്ക്ക്‌ 28 വര്‍ഷത്തിനുശേഷം വീണ്ടുമൊരു യുദ്ധത്തിലേര്‍പ്പെടേണ്ടിവന്നു. മെയ്‌ 8-നാണ്‌ കാര്‍ഗില്‍ മലനിരകള്‍ക്കു മുകളില്‍ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്‌. 25 കി.മീ. വരുന്ന ഇന്ത്യന്‍ പ്രദേശത്ത്‌ 600-800 നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന്‌ സൈന്യത്തിന്‌ ബോധ്യമായപ്പോഴേക്കും വീണ്ടും ദിവസങ്ങള്‍ കഴിഞ്ഞു. ശ്രീനഗര്‍-ലേ ഹൈവേ പിടിച്ചടക്കുകയെന്ന പാക്‌ തന്ത്രഭാഗമായിരുന്നു നുഴഞ്ഞുകയറ്റം.

യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ശത്രുവിന്റെ ശേഷിയെ കുറച്ചുകണ്ട ഇന്ത്യയ്ക്ക്‌ കനത്ത തിരിച്ചടി നേരിട്ടു. മെയ്‌ 27-ന്‌ ഇന്ത്യയുടെ മിഗ്‌-27 വിമാനം വെടിവച്ചിട്ട്‌ ഫ്ലൈറ്റ്‌ ലഫ്‌. കെ. നചികേതയെ പാകിസ്ഥാന്‍ തടവുകാരനാക്കി. നചികേതയെ അന്വേഷിച്ചുപോയ മിഗ്‌-21 വിമാനത്തെ നിയന്ത്രണരേഖയില്‍ വെടിവച്ചിട്ടു. സ്ക്വാഡ്രണ്‍ ലീഡര്‍ അജയ്‌ അഹൂജ കൊല്ലപ്പെട്ടു. മെയ്‌ 28-ന്‌ ഇന്ത്യയുടെ മിഗ്‌-17 ഹെലികോപ്റ്റര്‍ വെടിയേറ്റുവീണ്‌ 4 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ വ്യോമസേന ഹെലികോപ്റ്ററുകള്‍ പിന്‍വലിച്ചു. യുദ്ധത്തിന്റെ തന്ത്രം മാറ്റി.

ഇന്ത്യന്‍ സൈന്യം ജൂണ്‍ ആദ്യ ആഴ്ചയില്‍ കാര്‍ഗിലിലും ദ്രാസിലും ആക്രമണം ശക്തമാക്കി. ജാട്ട്‌ റജിമെന്റിലെ 6 സൈനികരുടെ മൃതദേഹം ദിവസങ്ങള്‍ക്കുശേഷം പാകിസ്ഥാന്‍ ഇന്ത്യയെ ഏല്‍പിച്ചത്‌ അംഗഭംഗം വരുത്തിയ നിലയിലാണ്‌. ജൂണ്‍ 13-ന്‌ ഇന്ത്യന്‍ സേന ടോലോലിങ്‌ കൊടുമുടി പിടിച്ചെടുത്തു. ജൂണ്‍ 20-ന്‌ പോയിന്റ്‌ 5140 പിടിച്ചെടുത്തതോടെ ടോലോലിങ്‌ കുന്നുകള്‍ പൂര്‍ണമായും ഇന്ത്യന്‍ അധീനത്തിലായി. ജൂലൈ 4-ന്‌ ടൈഗര്‍ ഹില്ലും തിരിച്ചുപിടിച്ചു.

അന്താരാഷ്‌ട്ര രംഗത്തെ കടുത്ത സമ്മര്‍ദ്ദം കാരണം പാകിസ്ഥാന്‍ ജൂലൈ പതിനൊന്നോടെ കാര്‍ഗിലില്‍നിന്ന്‌ നുഴഞ്ഞുകയറ്റക്കാരെ പിന്‍വലിക്കാന്‍ തുടങ്ങി. 'ഓപ്പറേഷന്‍ വിജയ്‌' എന്നു പേരുള്ള കാര്‍ഗില്‍ യുദ്ധം വിജയിച്ചതായി ജൂലൈ 14-ന്‌ വാജ്‌പേയി പ്രഖ്യാപിച്ചു.

74 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ 407 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 584 പേര്‍ക്ക്‌ പരുക്കേറ്റു. 6 പേരെ കാണാതായി. പാകിസ്ഥാന്‍ പക്ഷത്ത്‌ മരണം 696.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :