ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഉള്ള പരസ്യങ്ങള്‍ മലയാളമടക്കമുള്ള ഇന്ത്യന്‍ ഭാഷകളില്‍ മതിയെന്നാണ് നെറ്റ് ഉപയോക്താക്കളുടെ ആഗ്രഹമെന്ന് സര്‍വേ. ഇന്റര്‍നെറ്റ് അഡ്‌വര്‍ട്ടൈസിംഗ് നെറ്റ്‌വര്‍ക്കായ ഓസോണ്‍ മീഡിയ നടത്തിയ സര്‍വേയിലാണ് ഇംഗ്ലീഷ് പരസ്യങ്ങളേക്കാള്‍ നെറ്റ് യൂസര്‍മാര്‍ ഇഷ്‌ടപ്പെടുന്നത് പ്രാദേശികഭാഷകളില്‍ ഉള്ള പരസ്യങ്ങളാണെന്ന് കണ്ടെത്തിയത്.
“പണ്ടത്തെ റേഡിയോ പോലെയും നിലവിലെ ടെലിവിഷന്‍ പോലെയും ഇന്റര്‍നെറ്റും ഒരു പൊതുജനമാധ്യമം ആയി മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ അലയൊലികളാണ് ഈ സര്‍വേയില്‍ ഞങ്ങള്‍ കേട്ടത്. ഇംഗ്ലീഷില്‍ നല്‍കുന്ന പരസ്യങ്ങളേക്കാള്‍ പ്രാദേശിക ഭാഷകളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കാണ് മികച്ച പ്രതികരണം ലഭിക്കുന്നത്. ഇംഗ്ലീഷില്‍ പരസ്യം നല്‍കിയാല്‍ കിട്ടുന്ന ‘റെസ്പോണ്‍സി’നേക്കാള്‍ മുപ്പത് ശതമാനം അധികമാണ് മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ ഓണ്‍ലൈന്‍ ആഡ് നല്‍കിയാല്‍ ലഭിക്കുന്നത്” - ഓസോണ്‍ മീഡിയ സിഇഓ കിരണ്‍ ഗോപിനാഥ് പറയുന്നു.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിലെ ‘ട്രെന്‍ഡ്’ മാറിവരികയാണെന്നും പ്രാദേശികഭാഷകളെ അവഗണിച്ചുകൊണ്ട് ഒരു ബ്രാന്‍ഡിനും ഇന്ത്യയില്‍ നിലനില്‍ക്കാനാകില്ലെന്നും സര്‍വേ പറയുന്നു. കഴിഞ്ഞ വര്‍ഷം മുഴുവന്‍ ഓസോണ്‍ മീഡിയ നടത്തിയ ‘ആഡ് കാമ്പയിനുകള്‍’ അപഗ്രഥിക്കുകയാണ് ഈ സര്‍വേയില്‍ ചെയ്തത്. ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ‘ഡിമാന്‍ഡ്’ ഉള്ളത് തമിഴിനും തെലുങ്കിനും ആണെന്നും ഈ സര്‍വേ പറയുന്നു.
പ്രവാസികളെയും ഈ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. വിവാഹപ്പരസ്യം തൊട്ട് ബാങ്കിംഗ് പരസ്യം വരെയുള്ള മേഖലകളില്‍ പ്രാദേശികഭാഷാ പരസ്യങ്ങള്‍ക്ക്, ഇംഗ്ലീഷ് പരസ്യങ്ങളെ അപേക്ഷിച്ച്, മികച്ച പ്രതികരണം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്ന് ഓസോണ്‍ മീഡിയ ആണയിടുന്നു. എന്നാല്‍ എന്‍ആര്‍ഐ വിഭാഗക്കാര്‍ക്ക് ഇപ്പോഴും ‘കംഫര്‍ട്ടബിള്‍’ ആയ ഭാഷ ഇംഗ്ലീഷാണ് എന്ന കാര്യം മറക്കരുതെന്നും സര്‍വേ ഓര്‍മിപ്പിക്കുന്നു.