വിക്കിലീക്സ് അസാഞ്ചിന് സ്വര്‍ണ മെഡല്‍

മെല്‍‌ബണ്‍| WEBDUNIA|
PRO
PRO
വിക്കീലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനു സിഡ്നി പീസ് ഫൗണ്ടേഷന്റെ സ്വര്‍ണ മെഡല്‍ പുരസ്കാരം. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ അസാഞ്ച് കാണിച്ച അസാമാന്യ ധീരതയ്ക്കാണ് ഈ പുരസ്കാരം നല്‍കുന്നതെന്ന് പുരസ്കാര പ്രഖ്യാപനം നടത്തിയ ഓസ്ട്രേലിയയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക മേരി കോസ്റ്റകിഡിസ് പറഞ്ഞു.

എല്ലാ വര്‍ഷവും ഫൗണ്ടേഷന്‍ പുരസ്കാരം പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ 14 വര്‍ഷത്തെ ചരിത്രത്തിനിടെ മൂന്നു പേര്‍ക്കു മാത്രമാണ് സ്വര്‍ണമെഡല്‍ നല്‍കിയത്. ദലൈ ലാമ, നെല്‍സണ്‍ മണ്ടേല, ജപ്പാന്‍ ബുദ്ധമത നേതാവ് ദൈസാകു ഇക്ദ എന്നിവര്‍ക്കാണു ഇതിനു മുമ്പ് ഈ സുവര്‍ണ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

കമ്പ്യൂട്ടര്‍ ഹാക്കര്‍ എന്ന രീതിയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച അസാഞ്ച് പ്രശസ്തനാകുന്നത് വിക്കീലീക്ക്‌സ് എന്ന വെബ്‌സൈറ്റ് സ്ഥാപിച്ചതോടെയാണ്. യു‌എസ് അംബാസിഡര്‍മാര്‍ പലപ്പോഴായി വാഷിംഗ്ടണിലേക്ക് അയച്ച സന്ദേശങ്ങള്‍ ചോര്‍ത്തിയെടുത്ത് പ്രസിദ്ധീകരിക്കുക വഴി അമേരിക്കയെ വട്ടം‌കറക്കിയ വെബ്സൈറ്റാണ് വിക്കീലീക്ക്‌സ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ യുദ്ധത്തെ പറ്റിയുള്ള യഥാതഥ വിവരങ്ങളും വിക്കീലീക്ക്‌സിലൂടെ പുറത്തുവന്നിരുന്നു.

ലൈംഗികക്കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുള്ള അസാഞ്ചിനെ സ്വീഡനിലേക്ക് നാടുകടത്താന്‍ ഒരുങ്ങുകയാണ് ബ്രിട്ടന്‍. ഇതിനിടയിലാണ് സിഡ്നി പീസ് ഫൗണ്ടേഷന്റെ സ്വര്‍ണ മെഡല്‍ പുരസ്കാരം അസാഞ്ചിനെ തേടി വന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :