വിദേശ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത് ഇന്ത്യക്കാരാണെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്. സ്വിസ് ബാങ്കിലെ വന്‍ നിക്ഷേപം ഇന്ത്യക്ക് തിരിച്ചടിയാവുമെന്നും അസാഞ്ച് മുന്നറിയിപ്പ് നല്‍കുന്നു. ഒരു അഭിമുഖത്തിലാണ് അസാഞ്ച് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ പേരുകള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയ അസാഞ്ച് ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അസാഞ്ച് പറയുന്നു.
എന്നാല്‍, വെളിപ്പെടുത്തലുകളെ കുറിച്ചുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതികരണം തികച്ചും നിരാശാജനകമാണെന്നും സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും അസാഞ്ച് കുറ്റപ്പെടുത്തി. കള്ളപ്പണ നിക്ഷേപം തിരികെ കൊണ്ടുവരുന്നതിനെ ഇരട്ടനികുതി പ്രശ്നം പറഞ്ഞ് സര്‍ക്കാര്‍ മുടക്കുകയാണ്. അതേസമയം, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അഴിമതിക്കാരനാണെന്ന് താന്‍ കരുതുന്നില്ല. എന്നാല്‍, കള്ളപ്പണം തിരികെ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ശ്രമം വളരെ ദുര്‍ബലമാണെന്നും അസാഞ്ച് പറയുന്നു.