ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഒരു വിദ്യ ആലോചിച്ചു നോക്കൂ. അതെ, ജീവന്‍ നിലനിര്‍ത്തല്‍ മാത്രമല്ല രക്തത്തിന്‍റെ ജോലി, ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാനും രക്തത്തിന് കഴിയുമത്രെ. ധമനികളിലൂടെ ഒഴുകുന്ന രക്തത്തിന്‍റെ സഹായത്തോടെ ഐപോഡ്, സെല്‍ഫോണ്‍ തുടങ്ങീ നിരവധി ഉകരണങ്ങളുടെ സെല്ലുകള്‍ റീചാര്‍ജ് ചെയ്യാം. രക്തം ശരീരത്തിലൂടെ ഒഴുകുമ്പോഴുണ്ടാകുന്ന ചെറിയ ചലനമാണ് ബാറ്ററികളില്‍ വൈദ്യുതോര്‍ജ്ജമായി സംഭരിക്കുന്നത്.
ഓരോ ഹൃദയമിടിപ്പിനൊപ്പവും ബാറ്ററികള്‍ സ്വമേധാ ചാര്‍ജ് ചെയ്യും. ശരീരത്തിലെ നേര്‍ത്ത ഫ്രീക്വന്‍സിയിലുള്ള ചലനങ്ങള്‍ പോലും ഊര്‍ജ്ജമായി മാറ്റുന്നതിലൂടെ വന്‍ വൈദ്യുതോര്‍ജ്ജ സംഭരണം നടത്താനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വളരെ നേര്‍ത്ത സിങ്ക് ഓക്സൈഡിന്‍റെ നാനോവയറുകളാണ് ഇതിന് സഹായിക്കുന്നത്.
ഇത്തരമൊരു കണ്ടുപിടിത്തം ഐടി മേഖലയില്‍ വന്‍ കുതിച്ചുചാട്ടം നടത്തുമെന്ന് ഗവേഷണ സംഘാംഗമായ സ്വാംങ് ലിന്‍ വാങ് അഭിപ്രായപ്പെട്ടു. നേരത്തെ 2006ല്‍ നാനോ ജനറേറ്ററുമായി വാങും സംഘവും രംഗത്ത് വന്നിരുന്നു. പിന്നീട് 2007ല്‍ അള്‍ട്രാസോണിക് തരംഗത്തില്‍ നിന്ന് ബാറ്ററി റീചാര്‍ജിംഗ് കണ്ടു പിടിക്കുകയും ചെയ്തിരുന്നു.