ഫേസ്‌ബുക്കില്‍ തെറി; സൈബര്‍ സെല്ലില്‍ അപമാനം!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ചാറ്റ് ചെയ്യാന്‍ വിസമ്മതിച്ചതിന് ഫേസ്‌ബുക്കില്‍ തെറിവിളി സഹിക്കാന്‍ വയ്യതായപ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി സൈബര്‍ സെല്ലിന് മുമ്പില്‍ പരാതിയുമായി എത്തിയത്. എന്നാല്‍ സൈബര്‍ സെല്ലിലെ ഏമാന്റെ അപമാനം സഹിക്കേണ്ടി വന്നപ്പോള്‍ ഫേസ്‌ബുക്കിലെ തെറിവിളിയാണ് ഭേദമെന്ന് യുവതിക്ക് തോന്നിപ്പോയി. താന്‍ സഹിക്കേണ്ടി വന്ന തെറിവിളിക്കും അപമാനത്തിനും എതിരെ ഇനിയാരെ സമീപിക്കും എന്നാണ് യുവതിയിപ്പോള്‍ ചോദിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആസ്പദമായ സംഭവം അരങ്ങേറിയത്. പുഷ്പാംഗദന്‍ പുളിമൂട്ടില്‍ എന്നയാളുടെ പ്രൊഫൈലില്‍നിന്ന് ചാറ്റിംഗിന് ക്ഷണമുണ്ടായപ്പോള്‍ റീന ചാറ്റിംഗിന് വിസമ്മതിച്ചു. തുടര്‍ന്ന് റീനയെ കേട്ടാലറയ്ക്കുന്ന അശ്ലീലപദങ്ങളാല്‍ പുഷ്പാംഗദന്‍ അഭിഷേകം ചെയ്തു. താന്‍ ഖത്തറില്‍ ജോലി ചെയ്യുകയാണെന്നും റാന്നി സ്വദേശിയാണെന്നും പുഷ്പാംഗദന്‍ പ്രോഫൈലില്‍ എഴുതിവച്ചിട്ടുണ്ട്. തുടര്‍ന്നാണ് റീന ഇയാള്‍ക്കെതിരെ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

എല്ലാ പരാതികളെയും പോലെ റീനയുടെ പരാതിയും ചവറ്റുകുട്ടയില്‍ നിക്ഷേപിക്കപ്പെട്ട് കാണണം. നടപടിയൊന്നും ഉണ്ടാകുന്നില്ല എന്നറിഞ്ഞ റീന അവസാനം ഡിജിപിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. വീണ്ടും സൈബര്‍ സെല്‍ എസിപി. വിനയകുമാരന്‍ നായരെ കാണാനാണ് നിര്‍ദേശം ലഭിച്ചത്. ഇതനുസരിച്ച് വീണ്ടും സൈബര്‍ സെല്ലില്‍ എത്തിയ തന്നെ പോലീസ് ഓഫീസര്‍ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു എന്നാണ് റീന പറയുന്നത്.

ഫേസ്‌ബുക്കില്‍ നിന്ന് തെറിവിളി കിട്ടിയത് റീനയുടെ കയ്യിലിരുപ്പ് കൊണ്ടാണെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞെത്രെ. രണ്ടു മണിക്കൂറോളം തന്നെ ഓഫീസ് മുറിയിലിരുത്തി, അഭിസാരികമാരുടെ രീതികളെക്കുറിച്ചും സിനിമാ നടീനടന്‍മാരുടെ സൗന്ദര്യത്തെ പറ്റിയുമൊക്കെയാണ് ഇയാള്‍ സംസാരിച്ചതെന്നും റീന കുറ്റപ്പെടുത്തുന്നു.

എന്തായാലും, ഓണ്‍‌ലൈന്‍ മാധ്യമങ്ങളിലൂടെ സംഭവം പുറത്തറിഞ്ഞതോടെ റീനയ്ക്ക് സഹായഹസ്തവുമായി അനേകം പേര്‍ എത്തിയിട്ടുണ്ട്. റീനയെ ഫേസ്‌ബുക്കിലൂടെ തെറി വിളിച്ച ആള്‍‌ക്കെതിരെ കേസെടുക്കണമെന്നും അപമാനിച്ച സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും അന്വേഷി അധ്യക്ഷ കെ അജിത ആവശ്യപ്പെട്ടിരിക്കുകയാണ്. സൈബര്‍ പോലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ജനാധിപത്യ വനിതാ സംഘടനസംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ടിബി മിനി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :