സ്വന്തമായി ചാനലുണ്ട്, പാട്ടുകാരനും അവതാരകനുമാണ് മാത്രമല്ല ഹൈടെക് മന്ത്രിയെന്നാണ് അറിയപ്പെടുന്നത്, എന്നിട്ടും മന്ത്രി മുനീറിന് ഫേസ്ബുക്ക് അക്കൌണ്ടില്ലായിരുന്നു. ഒടുവില്‍ ഒരു ചായക്കടയില്‍ കേറി മന്ത്രി ആ കുറവും പരിഹരിച്ചു. തിരുവനന്തപുരത്തെ പഴയ കാര്‍ത്തിക ലോഡ്ജിനോട് ചേര്‍ന്നുള്ള ഒരു ചായക്കടയില്‍ കേറിയാണ് മന്ത്രി ഫേസ്ബുക്ക് അക്കൌണ്ട് തുറന്നത്. മന്ത്രി ഫേസ്ബുക്കില്‍ അംഗമാകുന്നതിന് സാക്‍ഷ്യം വഹിക്കാന്‍ നിരവധി ചെറുപ്പക്കാരും കടയില്‍ തടിച്ച് കൂടിയിരുന്നു.
ഫേസ്ബുക്ക് അക്കൌണ്ട് തുറക്കാന്‍ ചായക്കട തെരഞ്ഞെടുത്തതിന് പിന്നില്‍ മന്ത്രി മുനീറിന് വ്യക്തമായ കാരണമുണ്ട്. ‘ഫേസ്‌ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ സാധാരണക്കാരനു കൂടിയുള്ളതാണ്. ചായക്കടയിലെ സംഭാഷണങ്ങള്‍ വരെ സൈബര്‍ലോകത്തു ചര്‍ച്ചയാകും.’- മന്ത്രി പറഞ്ഞു.
വ്യക്‌തിപരമായ അക്കൗണ്ടാണെങ്കിലും സാമൂഹികക്ഷേമ വകുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കുള്ള പൊതുവേദിയായിട്ടാണു താന്‍ ഫേസ്ബുക്ക് അക്കൗണ്ടിനെ കാണുന്നത്. സാമൂഹികക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും നിര്‍ദേശങ്ങളും ഫേസ്ബുക്കിലൂടെ നല്‍കാം. ഇവ തുടര്‍നടപടികള്‍ക്കായി വകുപ്പിന് നല്‍കുമെന്നും മുനീര്‍ പറഞ്ഞു. ഫേസ്ബുക്കിനെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ 65% സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിലുണ്ട്. ഇത് ഓസ്ട്രേലിയയിലെ ജനസംഖ്യയെക്കാള്‍ കൂടുതലാണെന്നും മന്ത്രി പറഞ്ഞു. കലാ-സാംസ്കാരികരംഗത്തു പ്രവര്‍ത്തിക്കുന്ന യുവതീയുവാക്കളുടെ കൂട്ടമാണ് മുനീറിന്റെ ഫേസ്ബുക്ക് പ്രവേശനത്തിന് അരങ്ങൊരുക്കിയത്. ഫേസ്ബുക്കില്‍ അക്കൌണ്ട് തുടങ്ങിയതിന് ശേഷം ചായയും പഴംപൊരിയും കഴിച്ചിട്ടാണ് മന്ത്രിയും സംഘവും പിരിഞ്ഞത്.