ആപ്പിളും ഗൂഗിളും മുട്ടുമടക്കുമോ; ഫേസ്‌ബുക്ക് മൊബൈല്‍ വരുന്നു!

Facebook
ന്യൂയോര്‍ക്ക്| WEBDUNIA|
PRO
PRO
മൊബൈല്‍ നിര്‍മാണ മേഖലയില്‍ തകര്‍പ്പന്‍ മത്സരം നടക്കുന്ന സമയമാണിത്. സിമ്പിയന്‍ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി മൊബൈല്‍ രാജാവായി വാഴ്ന്ന നോക്കിയ തകര്‍ന്നു വീണത് നാം കണ്ടു. ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍‌ഡ്രോയിഡ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ബലത്തില്‍ സാംസങ് കുതിപ്പ് നടത്തുന്നതും കണ്ടു. ഇതിനിടല്‍ ആപ്പിളും ബ്ലാക്ക്‌ബെറിയും വേറിട്ട അനുഭവം പകരുന്ന മൊബൈലുമായി വിപണിയിലുണ്ട്. ഏറ്റവും അവസാനമായി മൊബൈല്‍ മേഖലയില്‍ അരക്കൈ നോക്കാന്‍ മൈക്രോസോഫ്റ്റും നോക്കിയയും കൈകോര്‍ത്തിരിക്കുകയാണ്.

മത്സരം ഇങ്ങനെ കൊടുമ്പിരി കൊണ്ടിരിക്കുന്ന മൊബൈല്‍ മേഖലയെ ഞെട്ടിച്ചുകൊണ്ട് ഫേസ്‌ബുക്കും ഇതാ എത്തുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള സൂക്കര്‍ബെര്‍ഗിന്റെ മോഹമാണെത്രെ ‘ഫേസ്‌ബുക്ക്’ എന്ന ബ്രാന്‍ഡ് നെയിമില്‍ ഒരു മൊബൈല്‍ അവതരിപ്പിക്കണമെന്ന്. ഇന്‍‌ഡസ്ട്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആപ്പിളില്‍ ജോലി നോക്കിയിരുന്ന ആറോളം പേരെ ഫേസ്‌ബുക്ക് ഫോണ്‍ നിര്‍മാണ പണി ഏല്‍പ്പിച്ചിട്ടുണ്ട് എന്നാണ്.

ഗൂഗിളിന്റെ ആന്‍‌ഡ്രോയിഡും ആപ്പിളിന്റെ ഐ‌ഓ‌എസും മൈക്രോസോഫ്റ്റിന്റെ വിന്‍‌ഡോസ് മൊബൈല്‍ ഓ‌എസും ബ്ലാക്ക്‌ബെറിയുടെ ബ്ലാക്ക്‌ബെറി ഓ‌എസും പോലെ സ്വന്തമായി ഒരു മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുക്കുകയാണ് ഫേസ്‌ബുക്കിന്റെ ഉദ്ദേശ്യമെത്രെ. സംഗതി എന്തായാലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഫേസ്‌ബുക്ക് തയ്യാറായിട്ടില്ല. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് പറയുകയും ചെയ്തിട്ടില്ല.

“ഞങ്ങള്‍ മൊബൈല്‍ വ്യവസായ മേഖലയെ സകൌതുകം നിരീക്ഷിച്ച് വരികയാണ്. മൊബൈല്‍ ഓപ്പറേറ്റര്‍മാരുമായും ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാക്കളുമായും ഓപ്പറേറ്റിംഗ് സിസ്റ്റം ദാതാക്കളുമായും ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരുമായി ഞങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്” എന്ന് കഴിഞ്ഞ വര്‍ഷം ഫേസ്‌ബുക്ക് വെളിപ്പെടുത്തിയിരുന്നു. ‘ഫേസ്‌ബുക്ക് മൊബൈല്‍’ എന്ന വാര്‍ത്തയിലെ സത്യമെന്തെന്ന് വരും നാളുകളില്‍ അറിവാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :