വിന്‍ഡോസിന്റെ ദശാവതാരത്തിന് ഒരേസമയം ഏഴുമുഖങ്ങള്‍, 111 ഭാഷകള്‍, എന്റമ്മോ‍...!

VISHNU N L| Last Updated: തിങ്കള്‍, 18 മെയ് 2015 (19:51 IST)
അഭ്യൂഹങ്ങളും ആശ്ചര്യങ്ങളും പതിവുകളും തെറ്റിച്ച് ചരിത്രം സൃഷ്ടിച്ച വിന്‍ഡോസിന്റെ പത്താമത്തെ പതിപ്പിന് ഏഴ് മുഖങ്ങളാകും ഉണ്ടാവുകയെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ ഐ.ടി. വിദഗ്ധര്‍ വരെ, വ്യത്യസ്ത വിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ പാകത്തിലുള്ളതായിരിക്കും ഏഴു പതിപ്പുകള്‍. വിന്‍ഡോസ് 10 ഹോം, വിന്‍ഡോസ് 10 മൊബൈല്, വിന്‍ഡോസ് 10 പ്രോ, വിന്‍ഡോസ് 10 എന്റര്‍പ്രൈസ്, വിന്‍ഡോസ് 10 എജ്യൂക്കേഷന്, വിന്‍ഡോസ് 10 മൊബൈല്‍ എന്റര്‍പ്രൈസ്, വിന്‍ഡോസ് 10 ഐ.ഒ.ടി. കോര്‍ തുടങ്ങിയവയാണ് ഈ ഏഴ് മുഖങ്ങള്‍. ഇനി ഇവയെ ഒന്ന് പരിചയപ്പെടാം...

1. വിന്‍ഡോസ് 10 ഹോം: ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍, ലാപ്പും ടാപ്പും കൂടിച്ചേരുന്ന ഹൈബ്രിഡ് ഡിവൈസുകള്‍ എന്നിവയ്ക്ക് വേണ്ടി നിര്‍മിച്ച എഡിഷനാണിത്.
പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റായ കോര്‍ട്ടാനയുടെ സേവനം, മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ എഡ്ജ് ബ്രൗസര്‍, വിന്‍ഡോസ് ഹലോ ഫേസ് റെക്കഗ്‌നിഷന്‍, ഉപഭോക്താവിന്റെ കണ്ണിലെ കൃഷ്ണമണിയും വിരലടയാളവും തിരിച്ചറിഞ്ഞുള്ള ബയോമെട്രിക് ലോഗിന്‍ സംവിധാനം, വിന്‍ഡോസ് ആപ്ലിക്കേഷനുകളായ ഫോട്ടോസ്, മാപ്‌സ്, മെയില്‍, കലണ്ടര്‍, മ്യൂസിക്, വീഡിയോ എന്നിവയെല്ലാം വിന്‍ഡോസ് 10 ഹോമിലുണ്ടാകും.

2. വിന്‍ഡോസ് 10 മൊബൈല്‍: സ്മാര്‍ട്‌ഫോണുകള്‍ക്കും ചെറിയ സ്‌ക്രീനുള്ള ടാബ്‌ലറ്റുകള്‍ക്കുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണീ എഡിഷന്‍. വിന്‍ഡോസ് 10 ഹോമിലുള്ള സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. ഒപ്പം ടച്ച് സംവിധാനത്തില്‍ അധിഷ്ഠിതമായ ഓഫീസ് വെര്‍ഷനും.
സ്വന്തം ടാബ്‌ലറ്റോ സ്മാര്‍ട്‌ഫോണോ തൊഴിലിടങ്ങളില്‍ ഉപയോഗിക്കുന്നവരുടെ ഡാറ്റയ്ക്ക് മികച്ച സുരക്ഷ ഉറപ്പാക്കുന്നുണ്ട് ഈ എഡിഷന്‍. വലിയ സ്‌ക്രീനിലേക്ക് കണക്ട് ചെയ്താല്‍ സ്മാര്‍ട്‌ഫോണ്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ പോലെ പ്രവര്‍ത്തിപ്പിക്കാനും വിന്‍ഡോസ് 10 മൊബൈല്‍ ഒഎസിന് സാധിക്കും.

3. വിന്‍ഡോസ് 10 പ്രോ: വിന്‍ഡോസ് 10 ഹോമിന്റെ പ്രൊഫഷണല്‍ വേര്‍ഷനാണിത്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും ടാബ്‌ലറ്റുകളിലും ഹൈബ്രിഡ് ഡിവൈസുകളിലുമുപയോഗിക്കാം. ചെറുകിട ബിസിനസുകാരെ ലക്ഷ്യംവച്ചുള്ളതാണിത്. ക്ലൗഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിസിനസ് വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനും ഇതില്‍ സൗകര്യമുണ്ട്. വിന്‍ഡോസ് ബിസിനസ് വെര്‍ഷന്റെ അപ്‌ഡേറ്റുകള്‍ ആദ്യം ലഭിക്കുക ഈ എഡിഷനിലായിരിക്കും.

നിലവില്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 ഒഎസ് വെര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിന്‍ഡോസ് 10 ഹോം, വിന്‍ഡോസ് 10 മൊബൈല്‍, വിന്‍ഡോസ് 10 പ്രോ ഒഎസുകളിലേക്ക് സൗജന്യമായി അപ്ഗ്രഡേഷന്‍ അനുവദിക്കുമെന്ന് വിന്‍ഡോസ് ബ്ലോഗില്‍ വ്യക്തമാക്കുന്നുണ്ട്.

4. വിന്‍ഡോസ് 10 എന്റര്‍പ്രൈസ്: ഇടത്തരം, വന്‍കിട സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഒഎസ് എഡിഷനാണ് വിന്‍ഡോസ് 10 എന്റര്‍പ്രൈസ്. കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍, ജീവനക്കാരുടെ ലോഗിന്‍, നെറ്റ്‌വര്‍ക്ക് ശൃംഖലയിലേക്ക് കണക്ട് ചെയ്യപ്പെടുന്ന ഉപകരണങ്ങളുടെ സുരക്ഷാപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കൈകാര്യം ചെയ്യാന്‍ എന്റര്‍പ്രൈസിനാകും. നിലവില്‍ വിന്‍ഡോസിന്റെ വോള്യം ലൈസന്‍സിങ് സേവനം ആസ്വദിക്കുന്ന കമ്പനികള്‍ക്കെല്ലാം വിന്‍ഡോസ് 10 എന്റര്‍പ്രൈസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.

5. വിന്‍ഡോസ് 10 എജ്യൂക്കേഷന്‍: വിദ്യാലയങ്ങള്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ വിന്‍ഡോസ് ഒഎസ് എഡിഷനാണിത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം ഒരേസമയം ലോഗിന്‍ ചെയ്ത് അവരുടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ വിന്‍ഡോസ് 10 അവസരമൊരുക്കുന്നു. അക്കാദമിക് വോള്യം ലൈസന്‍സിങ് പകാരമാണ് ഈ എഡിഷന്‍ ലഭ്യമാകുക.

6. വിന്‍ഡോസ് 10 മൊബൈല്‍ എന്റര്‍പ്രൈസ്: ലോകം ഇ-കൊമേഴ്‌സില്‍ നിന്ന് എം-കൊമേഴ്‌സിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയകാലത്ത് മൊബൈലില്‍ ബിസിനസ് നടത്തുന്നവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് വിന്‍ഡോസ് 10 മൊബൈല്‍ എന്റര്‍പ്രൈസ് ഒ.എസ്. തയ്യാറാക്കിയിരിക്കുന്നത്. മികച്ച പ്രവര്‍ത്തനക്ഷമത, സുരക്ഷിതത്വം എന്നിവയാണ് മൊബൈല്‍ എന്റര്‍പ്രൈസിന്റെ സവിശേഷതകള്‍.

7. വിന്‍ഡോസ് 10 ഐ.ഒ.ടി. കോര്‍: എല്ലാ ഗാഡ്ജറ്റുകളും ഇന്റര്‍നെറ്റുമായി കണക്ടഡ് ആയിക്കൊണ്ടിരിക്കുന്ന ആധുനിക കാലത്ത് അത്തരം ഗാഡ്ജറ്റുകളിലൊക്കെ പ്രവര്‍ത്തിപ്പിക്കാവുന്ന ഒഎസ് ആണിത്. എ.ടി.എം., റീട്ടെയില്‍ പോയിന്റ് ഓഫ് സെയില്‍, ഹാന്‍ഡ്‌ഹെല്‍ഡ് ടെര്‍മിനല്‍, ആസ്പത്രികളിലെ ഹാര്‍ട്ട്‌റേറ്റ് മോണിറ്റര്‍ എന്നിവയിലൊക്കെ ഈ ഒഎസ് ഉപയോഗിക്കാം.

ജൂലായ് അവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം 190 രാജ്യങ്ങളിലേക്കായി 111 ഭാഷകളില്‍ ഒരേസമയം അവതരിക്കും എന്ന പ്രത്യേകതയുമുണ്ട്. സ്മാര്‍ട്‌ഫോണ്‍ മുതല്‍ എ.ടി.എം. മെഷിനിലും ഹാര്‍ട്ട്‌റേറ്റ് മോണിറ്ററിലും മൈക്രോസോഫ്റ്റിന്റെ ഹോളോഗ്രാഫിക് കമ്പ്യൂട്ടിങ് വിദ്യയായ ഹോളോലെന്‍സിലും വരെ വിന്‍ഡോസ് 10 പതിപ്പുകള്‍ പ്രവര്‍ത്തിക്കും. ഇവയ്‌ക്കെല്ലാം കൂടി ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി വിന്‍ഡോസ് സ്‌റ്റോറുമുണ്ടാകും. കൂടുതല്‍ വിശദാംശങ്ങള്‍ മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ബ്ലോഗായ //blogs.windows.com ല്‍ നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :