ചെന്നൈ|
Last Modified ചൊവ്വ, 3 നവംബര്‍ 2015 (12:43 IST)
ടെക്നോളജി വികസിച്ച് വികസിച്ച് ഇതെങ്ങോട്ടാ പോണേന്ന് ആകുലപ്പെടുന്നവർക്ക് ഈ വാർത്തയിൽ വലിയ കാര്യമൊന്നുമില്ല. എന്നാൽ യൂത്ത് രക്തം സിരകളിലൂടെ ഓടുന്ന ചുള്ളൻമാർക്കും വമ്പത്തികൾക്കും ഇതൊരു വാർത്ത തന്നെയാണേ. അറിഞ്ഞോ? ഈ വർഷവും കഥയിൽ മാറ്റമൊന്നുമില്ല. ടെക് ബ്രാൻഡുകളുടെ കടുത്ത മത്സരത്തിൽ ഇത്തവണയും മുമ്പിൽ ആപ്പിളും ഗൂഗിളും തന്നെ.
ലോകത്തിലെ ടെക്നോളജി ഭീമൻമാരുടെ ഇടയിൽ തലയുയർത്തി നിന്ന് അവരെ നയിക്കുകയാണ് ആപ്പിളും ഗൂഗിളും. വരുമാനത്തിലും വിൽപ്പനയിലും ഡിമാൻഡിലുമെല്ലാം അവർ തന്നെ ലീഡ് ചെയ്യുകയാണ്.
ഗ്ലോബൽ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ആപ്പിളിന്റെ 2015ലെ ബ്രാൻഡ് മൂല്യം 170.276 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വർഷം ഇത് 118.863 ബില്യണ്‍ ഡോളറായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഗൂഗിളിനാകട്ടെ ഈ വർഷത്തെ ബ്രാൻഡ് മൂല്യം 120.314 ബില്യണ്‍ ഡോളറാണ്. 2014ൽ ഇത് 107.439 ബില്യണ്‍ ഡോളറായിരുന്നു.
ടെക്നോളജി രംഗത്തെ അതികായന്മാരായ മൈക്രോസോഫ്റ്റ് ആണ് ഇത്തവണ നാലാം സ്ഥാനത്ത്. കഴിഞ്ഞ വർഷം
മൈക്രോസോഫ്റ്റ് അഞ്ചാമതായിരുന്നു. അവരുടെ 2015ലെ ബ്രാൻഡ് വാല്യു 67.67 ബില്യണ്‍ ഡോളറാണ്. ഐ ബി എം അഞ്ചാമതും സാംസങ്ങ് ഏഴാമതും നിൽക്കുന്നു. അമസോണ്‍ ആണ് പത്താം സ്ഥാനം അലങ്കരിക്കുന്നത്. സിസ്കോ പതിനഞ്ചാമാതും ഒറാക്കിൾ പതിനാറാമതുമാണ്.
ലോകമെമ്പാടും ആരാധകരുള്ള ഫേസ്ബുക്ക് ഇരുപത്തിമൂന്നാം സ്ഥാനത്താണ്. അവരുടെ ബ്രാൻഡ് മൂല്യം 22.029 ബില്യണ്‍ ഡോളറാണ്. സോണി അമ്പത്തെട്ടാം സ്ഥാനത്തും പാനാസോണിക് അറുപത്തഞ്ചാം റാങ്കിലും നിൽക്കുന്നു.