ഓര്‍ക്കൂട്ട് പുനരവതരിക്കുന്നു; 'ഹലോ'യിലൂടെ

ഓർക്കുട്ട് വീണ്ടും പുനർജനിക്കും ഹലോയിലൂടെ! ലൈക്കല്ല, സ്നേഹമാണ്

priyanka| Last Modified വെള്ളി, 12 ഓഗസ്റ്റ് 2016 (15:19 IST)
ഒരു പതിറ്റാണ്ടോളം ലോകത്തെ സൗഹൃദ വലയിലാക്കിയ ഓര്‍ക്കൂട്ട് ഓര്‍മ്മക്കൂട്ടായപ്പോള്‍ സങ്കടപ്പെട്ടവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. നവമാധ്യമത്തിലെ സൗഹൃദത്തിന് അടിത്തറപാകിയ ഓര്‍ക്കൂട്ട് പതിറ്റാണ്ടു തികയ്ക്കുന്നതിനിടെ 2014 സെപ്തംബര്‍ 30നായിരുന്നു ഗൂഗിള്‍ ഓര്‍ക്കൂട്ട് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓര്‍ക്കൂട്ട് തിരിച്ചു വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹലോ എന്ന ആപ്പിന്റെ രൂപത്തിലാണ് ഓര്‍ക്കൂട്ട് പുനരവതരിക്കുന്നത്.

2004ല്‍ ഗൂഗിള്‍ ഉദ്യോഗസ്ഥനായിരുന്ന ഓര്‍ക്കട് ബുയുക്കൊട്ടനും ഗിതിന്‍ ജോസ് എന്നിവര്‍ ചേര്‍ന്നാണ് സ്വതന്ത്ര പ്രൊജക്ട് എന്ന നിലയില്‍ ഓര്‍ക്കൂട്ട് വികസിപ്പിച്ചെടുത്തത്. പിന്നീട് ഗൂഗിള്‍ ഓര്‍ക്കൂട്ടിനെ ദത്തെടുത്തു. ഓര്‍ക്കൂട്ടിന്റെ സൃഷ്ടാക്കള്‍ തന്നെയാണ് ഹലോയുടെയും പിന്നില്‍. ഓര്‍ക്കൂട്ട് ഡോട്ട് കോമില്‍ ഹലോയിലേക്ക് സ്വാഗതം ചെയ്ത് ഓര്‍ക്കട് ബുയുക്കൊട്ടന്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ്, ടര്‍ക്കിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഭാഷകളിലാണ് ഓര്‍ക്കട് ബുയുക്കൊട്ടന്റെ സന്ദേസം. ഹലോ ഡോട്ട്‌കോം(hello.com) സന്ദര്‍ശിച്ചാല്‍ ഹലോ ആപ്പിന്റെ ആപ്പിള്‍/ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ, ഹലോ ഇന്ത്യയില്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ലൈക്കുകള്‍ക്ക്
പകരം സ്‌നേഹത്താല്‍ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ സോഷ്യല്‍ നെറ്റ് വര്‍ക്കാണ് ഹലോയെന്നും നിങ്ങളുടെ വികാരം പങ്കുവയ്ക്കുന്ന ആളുകളുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന തരത്തിലാണ് ഹലോ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ബുയുക്കൊട്ടന്‍ സ്വാഗത സന്ദേശത്തില്‍ പറയുന്നു. മറ്റ് ആപ്പുകളില്‍ നിന്നും വ്യത്യസ്ഥമായ രീതിയിലാണ് ഹലോ നിര്‍മ്മിച്ചിരിക്കുന്നത്. ആപ്പിലെ ആക്ടിവിറ്റികള്‍ക്ക് കോയിന്‍സ്, റിവാര്‍ഡുകള്‍, പോയിന്റുകള്‍, ലൈക്കുകള്‍, കമന്റുകള്‍ എന്നിവയുടെ എണ്ണത്തില്‍ അടിസ്ഥാനത്തില്‍ ആളുകളെ ബന്ധിപ്പിക്കുകയാണ് ഹലോ ലക്ഷ്യമിടുന്നത്.

വിഷ്വല്‍ ആപ്ലിക്കേഷന്‍ എന്ന രീതിയിലുള്ള ഹലോയില്‍ ചിത്രങ്ങളുടെ രൂപത്തില്‍ മാത്രമേ പോസ്റ്റുകള്‍ ചെയ്യാനാകൂ. ടെക്‌സ്റ്റുകള്‍ പോസ്റ്റുകള്‍ എന്നിവ ഹലോയില്‍ അനുവദിക്കില്ല. യുഎസ്, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, യുകെ, കാനഡ, ന്യൂസിലന്‍ഡ്, ബ്രസീല്‍, അയര്‍ലണ്ട്, എന്നിവിടങ്ങളില്‍ ഇപ്പോള്‍ ഹലോ സേവനം ലഭ്യമാണ്. ഇന്ത്യയില്‍ ഓഗസ്റ്റ് മുതല്‍ ഹലോ ലഭ്യമാകും. അതിനിടയില്‍ താത്പര്യമുള്ളവര്‍ക്ക് ഹലോ ഡോട്ട് കോം വഴി ഇന്‍വൈറ്റ് റിക്വസ്റ്റ് നല്‍കാവുന്നതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :