കേരളത്തില്‍ ‘കബാലി’ നേരത്തേ വന്നു! ഹലോ രജനികാന്ത്, ഇത് സാക്ഷാല്‍ പിണറായി!

രജനി ഫാനായ പിണറായി !

Pinarayi, Pinarayi Vijayan, Rajanikanth, Kabali, VS, Oommenchandy, പിണറായി, പിണറായി വിജയന്‍, രജനികാന്ത്, കബാലി, വി എസ്, ഉമ്മന്‍‌ചാണ്ടി
മനു| Last Updated: ശനി, 21 മെയ് 2016 (16:20 IST)
കണ്ണൂരിലെ സഖാക്കളൊക്കെ സാധാരണയായി റിയലിസം ഇഷ്ടപ്പെടുന്നവരാണ്. പി ജയരാജനൊക്കെ കടുത്ത തിലകന്‍ ഫാനാണ്. നല്ല ഗംഭീരമായ അഭിനയമുഹൂര്‍ത്തങ്ങളുള്ള ഉള്ളില്‍ തട്ടുന്ന സിനിമകള്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍, നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ഗണത്തില്‍ പെടുന്നില്ല. അദ്ദേഹത്തിനിഷ്ടം തമിഴ് സിനിമകളാണ്. ഏറ്റവും ഇഷ്ടമുള്ള നടന്‍ രജനികാന്ത്!

രജനികാന്ത് തന്‍റെ ആരാധകര്‍ക്ക് വേണ്ടിയാണ് സിനിമകള്‍ ചെയ്യുന്നത്. കൂടുതലും അമാനുഷ വേഷങ്ങള്‍. പറയുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന കാര്യങ്ങള്‍ പറയുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍. ഒരര്‍ത്ഥത്തില്‍ പിണറായി വിജയന്‍റെ പല നിലപാടുകളും അമാനുഷികങ്ങളാണ്. ലാവ്‌ലിന്‍ പോലെ ഭൂമികുലുക്കിയ ഒരു കേസിനുമുന്നില്‍ അടിപതറാതെ നിന്നു. ടി പി വധം പോലെ പാര്‍ട്ടിയെ തകര്‍ത്തുകളഞ്ഞേക്കാവുന്ന ഒരു വിഷയത്തിനുനേരേ തലയുയര്‍ത്തി നിന്ന് പാര്‍ട്ടിയെ നയിച്ചു.

ചെയ്യുന്ന കാര്യങ്ങള്‍ മാത്രം പറയുകയും പറയുന്നവ ചെയ്യുകയും ചെയ്യുന്ന നേതാവാണ് പിണറായി വിജയന്‍. എന്നാല്‍ പിണറായിയുടെ പ്രവൃത്തികള്‍ ഒന്നും തന്‍റെ ആരാധകര്‍ക്ക് വേണ്ടിയല്ല. തനിക്ക് ശരിയെന്ന് തോന്നുന്നവയാണ്. ആരാധകരുടെയോ എതിരാളികളുടെയോ കയ്യടി അദ്ദേഹം പ്രതീക്ഷിക്കുന്നില്ല.

‘ഒരു പാര്‍ട്ടി ശത്രുവിന്‍റെ പോലും സിന്ദാബാദ് വിളി എനിക്കുവേണ്ടി മുഴങ്ങിയിട്ടില്ല’ എന്ന് അഭിമാനത്തോടെ പറയുന്ന സഖാവാണ് പിണറായി. എന്നും ഒറ്റയ്ക്ക് നടക്കാന്‍ ഇഷ്ടപ്പെടുന്ന കമ്യൂണിസ്റ്റ്. രജനി ഡയലോഗ് പോലെ ‘സിംഗിളാ താന്‍ വരും’.

മറ്റ് രാഷ്ട്രീയക്കാര്‍ തൊഴുതുനില്‍ക്കുന്ന സമുദായനേതാക്കള്‍ക്ക് നേരേ പുഞ്ചിരിക്കാന്‍ പിണറായി വിജയന്‍ മടിക്കാറില്ല, നാടിന് ദോഷം ചെയ്യുന്ന എന്തെങ്കിലും നിലപാട് അവരെടുത്താല്‍ പുലഭ്യം പറയുന്നതിലും മടിയില്ല. രജനികാന്ത് നായകന്‍‌മാരെപ്പോലെ അനീതിയോട് ഒരു അനുരഞ്ജനവുമില്ല. പൊട്ടിത്തെറിക്കേണ്ടിടത്ത് പൊട്ടിത്തെറിക്കുകതന്നെ ചെയ്യുന്ന യഥാര്‍ത്ഥ നായകന്‍.

രജനിയുടെ പഞ്ച് ഡയലോഗുകള്‍ പോലെ എപ്പോഴും പഞ്ച് ഡയലോഗുകള്‍ പറയുന്നയാളല്ല പിണറായി. എന്നാല്‍ പിണറായിയുടെ ചില ഡയലോഗുകളുടെ പഞ്ച് കാലത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ളതാണ്. ‘ബക്കറ്റിലെ തിര’ അത്തരമൊന്നാണ്. നികൃഷ്ടജീവിയും പരനാറിയും കുലം‌കുത്തിയും അത്തരത്തിലുള്ളതാണ്. ഓരോ വാക്കും അളന്നുമുറിച്ച് സംസാരിക്കുന്ന പിണറായി പ്രസംഗിക്കുമ്പോള്‍ കടന്നുവരുന്ന ഇത്തരം പ്രയോഗങ്ങളില്‍ അദ്ദേഹം ഒരിക്കലും ഖേദിച്ചിട്ടില്ല. ആ പ്രയോഗങ്ങള്‍ അപ്പോള്‍ ആവശ്യം തന്നെയായിരുന്നു എന്നാണ് നിലപാട്.

മറ്റ് രാഷ്ട്രീയക്കാര്‍ വരുമ്പോള്‍, അവര്‍ക്കുമുന്നേ വരുന്നത് നിറഞ്ഞ ചിരിയും കുശലസംഭാഷണങ്ങളുമാണ്. അത്തരം സോപ്പിടല്‍ നമ്പരുകളില്‍ പിണറായിക്ക് വിശ്വാസമില്ല. പിണറായി പിണറായിയാണ്. അത് മറ്റാരേക്കാളും അറിയാവുന്നതും പിണറായിക്കാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ പേരെ കേട്ടാ ഉടനെ സുമ്മാ അതിറുതില്ലേ...?


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :