മാസ്റ്റര്‍ കാര്‍ഡുപയോഗിക്കാന്‍ ഇനി സെല്‍ഫിയും വേണം...!

VISHNU N L| Last Modified തിങ്കള്‍, 6 ജൂലൈ 2015 (13:31 IST)
മാസ്റ്റര്‍കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഇനി ഇടപാട് നടത്തുന്നയാള്‍ സെല്‍ഫിയും എടുത്തിരിക്കണം. തമാശ നോത്തുന്നുണ്ടോ? സംഗതി കാര്യമായിട്ട് പറഞ്ഞതാണ്. അതായത് മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച്
ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ പരീക്ഷണം. 'സെക്യൂര്‍കോഡി'ന് ( SiecureCode ) ന് പകരമായാണ് ഫേഷ്യല്‍ റിക്കഗ്നിഷന്റെ സാധ്യത മാസ്റ്റര്‍കാര്‍ഡ് ആരായുന്നത്. മാസ്റ്റര്‍കാര്‍ഡിന്റെ ഈ സുരക്ഷാപരീക്ഷണത്തില്‍ അമേരിക്കയിലിപ്പോള്‍ 500 യൂസര്‍മാര്‍ പങ്കെടുക്കുന്നുണ്ട്.

ഇതിനാവശ്യമായ 'ഫേഷ്യല്‍ റിക്കഗ്നിഷന്‍'
ആപ്പിന്റെ പരീക്ഷണം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ആപ്പ് പ്രാവര്‍ത്തികമായാല്‍ ഇനി മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഈ ആപ്പുകൂടി ഇന്‍സ്റ്റാ‍ാള്‍ ചെയ്യേണ്ടിവരും. കൂടാതെ ഓണ്‍ലൈന്‍ ഇടപാട് ശരിവെയ്ക്കാന്‍ സെല്‍ഫിയെടുക്കുംപോലെ പിടിച്ച് നമ്മുടെ മുഖം ഫോണിന് കാട്ടിക്കൊടുക്കേണ്ടതായും വരും.

ഫേഷ്യല്‍ റിക്കഗ്നിഷന്‍ സങ്കേതത്തിന്റെ സഹായത്തോടെ മാസ്റ്റര്‍കാര്‍ഡിന്റെ ആപ്പ് ആളെ തിരിച്ചറിഞ്ഞോളും. ഒരു അധിക സുരക്ഷാവലയം കൂടി ഇതുവഴി മാസ്റ്റര്‍കാര്‍ഡ് ഇടപാടുകള്‍ക്ക് ലഭിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്. ഫേഷ്യല്‍ റിക്കഗ്നിഷന്‍ വിദ്യ മറ്റ് സുരക്ഷാരീതികളെ അപേക്ഷിച്ച് ദുര്‍ബലമെന്നാണ്, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇത് കൊണ്ടുവരാന്‍ ശ്രമിച്ച് ഭാഗികമായി മാത്രം വിജയിച്ച ഗൂഗിളിന്റെ അഭിപ്രായം.

കൃത്രിമം ഒഴിവാക്കാനായി, സെല്‍ഫിയെടുക്കാനെന്ന പോലെ പിടിച്ച് കണ്ണുചിമ്മാനാണ് ഉപയോക്താക്കളോട് മാസ്റ്റര്‍കാര്‍ഡ് ആവശ്യപ്പെടുന്നത്. യഥാര്‍ഥ മനുഷ്യരാണ് ഫോണിന് മുന്നിലുള്ളതെന്ന് ആപ്പിന് തിരിച്ചറിയാനാണിത്. പക്ഷേ, ഇതിലും പഴുതുള്ളതായി പലരും പറയുന്നു. പടമെടുത്ത് കണ്ണുചിമ്മുന്നതായി ആനിമേഷന്‍ നടത്തി ഫോണിന് മുന്നില്‍ കാട്ടിക്കൊടുത്താല്‍ മതിയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :